കോവിഡ് -19 ഭീതിയൊഴിയാതെ അമേരിക്ക !

പ്രകാശ് നായര്‍ മേലില
Saturday, May 30, 2020

രോഗികൾ പെരുകുമ്പോഴും ആളുകൾ മരിച്ചുവീഴുമ്പോഴും ഒക്കെ സാധാരണമെന്ന നിലയിൽ ഗുരുതരമായ ഈ രോഗത്തെ ഇപ്പോഴും നിസ്സാരമായി കണക്കാക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

ഡൊനാൾഡ് ട്രംപ് രണ്ടു ദിവസമായി ഗോൾഫ് കളിയിൽ വ്യാപൃതനാണ്.ഗോൾഫ് ക്ലബ്ബിനുവെളിയിൽ ആളുകൾ പ്ലക്കാർഡുമായി പ്രകടനംവരെ നടത്തുകയുണ്ടായി. പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു. ” ഒരു ലക്ഷം ആളുകൾ മരിച്ചു,ഞങ്ങൾക്ക് ദുഖമുണ്ട്. താങ്കൾക്ക് ദുഖമുണ്ടോ?”

ഇതിനുമറുപടിയായി ട്രംപ് പറഞ്ഞത് കേൾക്കുക :- ” ഉണ്ട് എനിക്ക് ദുഖമുണ്ട്.അതുകൊണ്ടാണ് വൈറ്റ് ഹൗസിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടിയത് ” എന്നായിരുന്നു.

അമേരിക്കയുടെ കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവ രെയായി അവർ നാല് യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിലാകെയായി അമേരിക്കയുടെ 1,01,000 ( ഒരു ലക്ഷത്തി ആയിരം) സൈനികരാണ് മരിച്ചത്.

എന്നാൽ കോവിഡ് മൂലം ഇക്കഴിഞ്ഞ 4 മാസം കൊണ്ട് അമേരിക്കയിൽ മരിച്ചത് 1,03,000 ( ഒരു ലക്ഷത്തി മൂവായിരം ) ആളുകളാണ്.

ആ നാലു യുദ്ധങ്ങളിൽ മരണപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ ഇപ്രകാരമാണ് :-

1950 – 53 ൽ നടന്ന കൊറിയൻ യുദ്ധം – 36,500 സൈനികർ.
1961 – 75 ലെ വിയറ്റ്‌നാം യുദ്ധം – 58,000 സൈനികർ
2003 – 11 ഇറാക്ക് – 4500 സൈനികർ.
2001 മുതൽ ഇതുവരെ – അഫ്‌ഗാനിസ്ഥാൻ – 2000 സൈനികർ.

ആകെ മരിച്ചത് – 1,01,000 സൈനികർ.

അമേരിക്കയിൽ ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ച ജനുവരി 21 മുതൽ ഇന്നുവരെ കോവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം 1,03,330 ആണ്.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലധികമാണ്. ലോകമാകെയുള്ള കോവിഡ് ബാധിതരിൽ 30 % വും അമേരിക്കയിലാണ്.

അമേരിക്കയിലെ 20 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. നോർത്ത് കരോലീനയിലും ബിസ്‌കാസിനിലും സ്ഥിതി അതീവ ഗുരുതരവുമാണ്. ന്യൂ യോർക്കിൽ മരണനിരക്കും രോഗവ്യാപനവും അൽപ്പമൊന്നു കുറഞ്ഞിട്ടുണ്ട്.

×