Advertisment

മോദിക്കും യോഗിക്കും എതിരെ ഒരു വാക്കുപോലും കേള്‍ക്കുന്നത് സഹിക്കില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തും; വാട്‌സ്ആപ്പ് ഡിപി പോലും മോദി! ഒടുവില്‍ കടുത്ത മോദി ഭക്തനായ ബിജെപി പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ചു മരിച്ചു, ഇങ്ങനെയൊരു പ്രധാനമന്ത്രി എന്തിന്?’, മോദിയുടെ ചിത്രം വലിച്ചുകീറി കുടുംബം

New Update

ആഗ്ര: ആര്‍എസ്എസ് പ്രവര്‍ത്തകനും കടുത്ത മോദി ഭക്തനുമായിരുന്ന അമിത് ജയ്‌സ്വാളിന്റെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധമറിയിച്ച് കുടുംബം. കൊവിഡ് ബാധിതനായിരുന്ന അമിത് ജയ്‌സ്വാള്‍ മഥുരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

Advertisment

publive-image

മരണത്തിന് പിന്നാലെ അമിതിന്റെ കാറിന് പിന്നില്‍ പതിച്ചിരുന്ന പ്രധാനമന്ത്രിയുടെ വലിയ പോസ്റ്റര്‍ സഹോദരി സോനു അലാഗും ഭര്‍ത്താവും ചേര്‍ന്ന് വലിച്ചുകീറി. കൊവിഡ് ബാധിതനായ അമിതിന് ഒരു ആശുപത്രി കിടക്ക കണ്ടെത്താന്‍ പോലും കഴിയാതെ വന്നതോടെ അമിത് ജയ്‌സ്വാളിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗുചെയ്യുകയും സഹായം തേടുകയും ചെയ്തിരുന്നു.

സ്വയം പ്രഖ്യാപിത ‘മോദി ഭക്തന്‍’ ആയിരുന്ന അമിതിന്റെ വാട്‌സ്ആപ്പ് ഡിപി പോലും പ്രധാനമന്ത്രിയുടെതായിരുന്നു. മോദി തന്നെ പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ ബയോയില്‍ അഭിമാനത്തോടെ കുറിച്ചിട്ടുമുണ്ട്. ഇതെല്ലാം സഹായം നല്‍കാന്‍ പ്രധാനമന്ത്രിയോ സംസ്ഥാന സര്‍ക്കാരോ പ്രതികരിക്കുമെന്ന് കുടുംബത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അത് ഉണ്ടായില്ല.

കൊവിഡ് ബാധിതരായ അമിതിനെയും അമ്മയെയും ആഗ്രയിലെ ഒന്നിലധികം ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മഥുരയിലേക്ക് ഇവരെ മാറ്റിയത്. മഥുരാ ആശുപത്രി ഇരുവര്‍ക്കും അടിയന്തിരമായി റിമെഡെസിവിര്‍ കുത്തിവയ്പ്പുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗുചെയ്ത് സോനു ട്വിറ്ററില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഒടുവില്‍ 42 കാരനായ അമിത് ഏപ്രില്‍ 29 ന് മരണപ്പെട്ടു. പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം അമിതിന്റെ അമ്മയും മരണപ്പെട്ടു.

‘മോദിക്കും യോഗിക്കും എതിരെ ഒരു വാക്കുപോലും കേള്‍ക്കുന്നത് അദ്ദേഹത്തിന് സഹിക്കാനാകുമായിരുന്നില്ല, അവരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ അടിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു’, അമിതിന്റെ മൂത്ത സഹോദരിയായ സോനു അലാഗ് പ്രിന്റിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിസ്സംഗതയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും ദമ്പതികള്‍ പ്രതികരിച്ചു.

‘അമിത് തന്റെ മുഴുവന്‍ ജീവിതവും നരേന്ദ്ര മോദിക്കുവേണ്ടി ജീവിച്ചു, എന്നിട്ട് മോദി അവന് വേണ്ടി എന്തു ചെയ്തു? ഇങ്ങനെയൊരു പ്രധാനമന്ത്രി നമുക്ക് എന്തിനാണ്’, സോനു അലാഗ് കൂട്ടിച്ചേര്‍ത്തു.

covid death
Advertisment