ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

പനാജി: രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്റെ സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ 15 മരണം. പുലര്‍ച്ച രണ്ട് മണിയ്ക്കും ആറിനും ഇടയിലാണ് സംഭവം. സംസ്ഥാനത്ത് ഓക്സിജനുമായി ബന്ധപ്പെട്ട് മരണങ്ങള്‍ സംഭവിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്ത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രിയാണിത്.

“വ്യാഴാഴ്ച രാവിലെ ഒരു മണിയോടെയാണ് ഓക്സിജന്‍ വിതരണം ചെയ്യുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ശ്വാസ തടസം നേരിടുന്നതായി ബന്ധുക്കള്‍ രാത്രി വിളിച്ചറയിച്ചു. രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറഞ്ഞു. പെട്ടെന്ന് തന്നെ ആരോഗ്യനിലയില്‍ വ്യത്യാസം ഉണ്ടാകുകയും മരിക്കുകയും ചെയ്തു.” ഡോക്ടര്‍ വിശദീകരിച്ചു.

ഓക്സിജന്‍ സമ്മര്‍ദത്തില്‍ ഉണ്ടാകുന്ന പ്രശ്നം കഴിഞ്ഞ രണ്ടാഴ്ചയായി നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ കോവിഡ് വാര്‍ഡില്‍ സേവനം അനുഷ്ടിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. “ഇന്നലെ 18 രോഗികളാണ് വെന്റിലേറ്ററില്‍ തുടര്‍ന്നത്. പെട്ടന്നാണ് ആരോഗ്യനില വഷളായത്. ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. രണ്ട് പേര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്,” ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ ഓക്സിജന്‍ വിതരണത്തിന്റെ ചുമതലയുള്ള അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയിലെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയില്‍ ഹൈക്കോടതിയെ സമീപിച്ച ശ്രുതി ചതുര്‍വേദിക്ക് ഓക്സിജന്‍ പ്രശ്നം നേരിടുന്നുണ്ട് എന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ഡോക്ടര്‍മാരെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ച് വേണ്ട നടപടികള്‍ വോളന്റീര്‍ കൂടിയായ ശ്രുതി സ്വീകരിച്ചിരുന്നു. എന്നാല്‍ രാത്രി ഒരു മണിയോടെ വീണ്ടും സമാന സാഹചര്യം ഉണ്ടായി.

×