‘ലവ് യു സിന്ദഗി’; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ഡല്‍ഹി: കോവിഡ് എമര്‍ജന്‍സി വാര്‍ഡില്‍ ഷാരുഖ് ഖാന്റെ പാട്ടിനു താളം പിടിച്ച് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ വിഡിയോ പങ്കുവച്ച ഡോക്ടര്‍ തന്നെയാണ് ട്വിറ്ററിലുടെ മരണവിവരം അറിയിച്ചത്.

ഈയാഴ്ച ആദ്യമാണ് മുപ്പതുകാരിയായ പെണ്‍കുട്ടിയുടെ വിഡിയോ ഡോ. മോണിക്ക ലാംഗെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഷാരുഖ് ഖാനും ആലിയ ഭട്ടും അഭിനയിച്ച ഡിയര്‍ സിന്ദഗിയിലെ ലവ് യു സിന്ദഗി എന്ന പാട്ടിനു താളംപിടിച്ച് എമര്‍ജന്‍സി വാര്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രത്യാശയുടെ പ്രതീകമായാണ്, കെട്ടകാലത്ത് സൈബര്‍ ലോകം പെണ്‍കുട്ടിയെ വിശേഷിപ്പിച്ചത്.

ഇന്നലെ ഡോക്ടര്‍ തന്നെ മരണവിവരം അറിയിച്ചപ്പോള്‍ ഞെട്ടലോടെയാണ് സൈബര്‍ ലോകം പ്രതികരിച്ചത്. ധീരയായ ആ ആത്മാവിനെ നമുക്കു നഷ്ടമായിരിക്കുന്നു എന്നാണ് ഡോക്ടര്‍ ട്വീറ്റ് ചെയ്തത്.

ഐസിയു കിടക്കക്കയ്ക്കു വേണ്ടി കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യമായിരുന്നു ഡോക്ടര്‍ ആദ്യം പങ്കുവച്ചത്. പാട്ടുവയ്ക്കാമോ എന്നു ഡോക്ടറോടു ചോദിക്കുകയും അതിന് അനുവദിക്കുകയുമായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നതാണ് അവള്‍ നല്‍കുന്ന പാഠമെന്ന് ആദ്യ ട്വീറ്റില്‍ ഡോക്ടര്‍ കുറിച്ചിരുന്നു.

×