കണ്ണടയ്ക്കും മുമ്പ് അമ്മ ഓര്‍മ്മിപ്പിച്ചത് കടമകളെ കുറിച്ച്‌; അമ്മമാര്‍ മരിച്ച് അവരുടെ ചിതയണയും മുന്‍പ് കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാര്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

വഡോദര: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഗുജറാത്തില്‍ നമ്മള്‍ കണ്ടതും. അമ്മമാര്‍ മരിച്ച് അവരുടെ ചിതയണയും മുമ്പാണ് രണ്ട് ഡോക്ടര്‍മാര്‍ തങ്ങളുടെ ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ചത്.

വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ ഡോക്ടര്‍ ശില്‍പ പട്ടേല്‍, കൊവിഡ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി ജോലി ചെയ്യുന്ന ഡോ. രാഹുല്‍ പാര്‍മര്‍ എന്നിവരാണ് തങ്ങളുടെ അമ്മമാര്‍ മരിച്ച് മണിക്കൂറുകള്‍ക്കകം ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ 3.30തോടെയാണ് ശില്‍പയുടെ അമ്മ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 77 വയസ്സായിരുന്നു. തന്റെ അമ്മ മരിക്കുന്നതിന് മുമ്പ് കടമകള്‍ നിറവേറ്റണം എന്നായിരുന്നു തന്റെ മകളോട് പറഞ്ഞത്. അമ്മയുടെ ചിത എരിഞ്ഞ് ആറ് മണിക്കൂറുകള്‍ക്ക് ശേഷം ശില്‍പ ആശുപത്രിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച്ചയായിരുന്നു ഡോ. രാഹുലിന്റെ അമ്മ മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വെള്ളിയാഴ്ച്ച തന്നെ അദ്ദേഹം തന്റെ ജോലിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇരുവരേയും പ്രശംസിച്ച് കൊവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ഡോ. വിനോദ് റാവു രംഗത്തെത്തിയിരുന്നു.

വ്യക്തിപരമായ ദുഃഖത്തിനിടയിലും കൊവിഡ് മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ സമൂഹത്തോട് കാട്ടിയ ഉത്തരവാദിത്തവും പ്രതിബന്ധതയും മാതൃകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

×