വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. നാന്ദേഡ് ജില്ലയിലെ സാഗര്‍ അശോക് ഹാന്‍ഡെ (25), ഉസ്മാനാബാദ് സ്വദേശി ദയാനന്ദ് ഭീംറാവു ഖരാട്ടെ (21) എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ആര്‍. ടി- പി. സി.ആര്‍ പരിശോധന ഫലമാണ് ഇവര്‍ വിതരണം ചെയ്തത്.ശിവാജി നഗറിലെ ജെ എം റോഡിലെ സ്വകാര്യ ലാബിന്റെ പേരിലായിരുന്നു വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ്.ലാബിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ രൂപേഷ് ശ്രീകാന്താണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ നിരവധി പേര്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഐ പി സി 419, 420, 465, 468, 469, 471, 336 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

×