തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, May 13, 2021

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എട്ടാം തീയതിയാണ് നകുലന്‍ ഡയാലിസിസ് ചെയ്യുന്നതിനായി മെഡിക്കല്‍ കോളജില്‍ എത്തിയത്. പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നകുലന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ഓക്‌സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതേതുടര്‍ന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലന്‍ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് അദ്ദേഹത്തെ രണ്ട് മണിക്കൂറിനുള്ളില്‍ ഐ സി യുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ പറയുന്നു.

ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡി എം ഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

×