സൗദിയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

author-image
admin
New Update

റിയാദ് :   സൗദിയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. നിലവിൽ പ്രഖ്യാപിച്ച ഏതാനും മുൻകരുതലുകളിൽ വീഴ്ച്ച വരുത്തി എന്നാണ് മന്ത്രാലയ നിരീക്ഷണം. രാജ്യത്താകമാനമുള്ള പള്ളികളിൽ നടപ്പാക്കാനായി എട്ടിന നിർദേശങ്ങളാണ്‌ മന്ത്രാലയം മുന്നോട്ട് വെച്ചത്.

Advertisment

publive-image

നേരത്തെ നൽകിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്വീഫ് അൽ ശൈഖ് രാജ്യത്തെ പള്ളികൾക്ക് നൽകിയ പ്രത്യേക സർക്കുലറിൽ വ്യക്തമാക്കി. രാജ്യത്ത് വൈറസ് ബാധ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പ്രാർത്ഥനക്കെത്തുന്നവർ സ്വന്തം മുസ്വല്ലകൾ കരുതുക, മൂക്കും വായയും മൂടുന്ന തരത്തിൽ മാസ്‌കുകൾ ധരിക്കുക, വെള്ളിയാഴ്ച്ചകളിൽ പള്ളികൾ ഒരു മണിക്കൂർ മുമ്പ് തുറക്കുകയും അര മണിക്കൂറിന് ശേഷം അടക്കുകയും ചെയ്യുക, നിസ്‌കാരത്തിന് നില്‍ക്കുന്നവര്‍ തമ്മില്‍  ഒന്നര മീറ്റർ അകലം പാലിക്കുക, ഖുർആൻ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുക, പള്ളികളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് ആവശ്യമായ വായു സഞ്ചാരം ഉറപ്പ് വരുത്തുക, വാട്ടർ കൂളറുകളും ഭക്ഷണ വിതരണവും ഒഴിവാക്കുക, പള്ളികളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പൂർണ്ണമായും പാലിക്കാനാണ് മന്ത്രാലയ നിർദേശം.

publive-image

നടപടിക്രമങ്ങളും മുന്‍കരുതലുകളും കൃത്യതയോടെയും ശ്രദ്ധയോടെയും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പള്ളി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും മന്ത്രാലയം നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി. മസ്ജിദുകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്  പ്രത്യേക പ്രതിരോധ നടപടികള്‍ മനസിലാക്കണമെന്നും അപ്‌ഡേറ്റു കള്‍ക്ക്  അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു. വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ അടച്ചിരുന്ന പള്ളികൾ തുറക്കുന്ന അവസരത്തിൽ ഈ നടപടികൾ നിര്ബന്ധമാക്കിയിരുന്നു. അതില്‍ വീഴ്ച്ച വരുത്തിയത് ശ്രദ്ധയില്‍ പെട്ടതിനാലാണ് പുതിയ ഉത്തരവ് നല്‍കിയത്

Advertisment