റിയാദ്: സൗദിയില്‍ മുന്‍മാസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 200 ഇരട്ടി വർദ്ധന ഉണ്ടായതായി ആരോഗ്യ മന്ത്രാലയം പുതിയ കോവിഡ് കേസുകളിൽ 75 ശതമാനവും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും ജനങ്ങളുടെ തെറ്റായ പെരുമാറ്റവും കൊണ്ടാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ പതിവ് കോവിഡ് അപ്ഡേറ്റ് വാർത്താസമ്മളനത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.
പുതുവര്‍ഷത്തിന്റെ ആദ്യത്തിൽ ദിനംപ്രതി വന്ന പുതിയ കേസുകളുടെ എണ്ണത്തേക്കാൾ 200 ഇരട്ടി വർദ്ധനവാണ് നിലവിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ധാരാളം ആളുകൾ ഒരുമിച്ചുകൂടുന്ന കുടുംബ പരിപാടികളിലൂടെയോ വിവാഹ പാർട്ടികളിലൂടെയോ, ജന്മദിന ആഘോഷങ്ങളിലൂ ടെയോ , മറ്റു ആഘോഷ ഒത്തുചേരലുകളിലൂടെയോ ആണ് കേസുകൾ വർദ്ധിക്കുന്നത്.
മുൻകരുതലുകൾ എടുക്കാതെ പരസ്പരം കൈ കുലുക്കുക, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഇത്തരം കൂടിച്ചേരലുകളിൽ കാണുന്നത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കേസുകൾ വീണ്ടും വ്യാപിക്കുന്നതായി ഒരാഴ്ചത്തെ കണക്കുകളുടെ പിന്‍ബലത്തില്‍ അദ്ദേഹം വിശദീകരിച്ചു.
ചികിത്സയിലുള്ളവരിൽ ഗുരുതരാസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടിട്ടുണ്ട്. ജനുവരി പകുതി ഉണ്ടായിരുന്നതിനേക്കാൾ 15 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. നിലവില്‍ 371 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പത്തു പേരെയാണ് അഡ്മിറ്റ് ചെയ്തത്.
കോവിഡ് വാക്സിനേഷൻ എടുക്കുന്നവരിലും വൈറസ് ബാധ ഉണ്ടാകാമെന്നും വാക്സിനേഷൻ അവരുടെ പ്രതിരോധത്തെ വര്ധിപ്പിക്കുമെന്നതും രോഗം വരുന്നത് ഒരു പരിധിവരെ തടയുമെന്ന തല്ലാതെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനാകില്ലെന്നും ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു.
വാക്സിനുകൾ രോഗത്തെ എത്രമാത്രം തടയുമെന്നതോ മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നത് എത്രമാത്രം തടയുമെന്നതോ ഇപ്പോൾ പറയാനാകില്ല. അംഗീകൃത വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കുന്നതോടെ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നത് നിർത്താൻ പാടില്ലെന്നും നിലവിലെ നിയമങ്ങൾ വാക്സിൻ എടുത്തവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.