കോവിഡ് കാലത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ

സമദ് കല്ലടിക്കോട്
Saturday, January 2, 2021

കോവിഡ് കാല പ്രതിസന്ധിയുടെ ഒമ്പത് മാസങ്ങൾക്കു ശേഷംവീണ്ടും സ്‌കൂള്‍ തുറക്കുകയാണ്. രക്ഷിതാക്കൾ കടുത്ത ആശങ്കയിലായതിനായതിനാൽ എത്ര കുട്ടികൾ ക്ലാസിലെത്തുമെന്ന് അറിയില്ല.ഓൺലൈൻ ക്ളാസുകൾ ഉചിതമായിരുന്നെങ്കിലും സാമ്പത്തിക പ്രയാസമുള്ളവർക്ക്,നെറ്റ് സൗകര്യം ലഭ്യമാകാത്തവർക്ക് അത് വേണ്ടത്ര ഫലപ്രദമായില്ല.

കൂടുതൽ കാര്യക്ഷമമായ നടപടികളിലൂടെ ആവണം കോവിഡ് കാല അധ്യയനം.
കുട്ടികൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നെണ്ടെന്ന് അധ്യാപകർ ഉറപ്പ്
വരുത്തണം.

സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കാനും കയ്യും മുഖവും കഴുകാനും ശുദ്ധജലം കുടിക്കാനും
സൗകര്യപെടുത്തണം. മാസ്‌ക് ധരിച്ചിരിക്കുകയും വേണം.അധ്യാപകർക്ക് കുട്ടികളെ തിരിച്ചറിയൽ ആവശ്യമായി വരുന്ന സമയത്തു മാത്രമേ മാസ്‌ക് മാറ്റാവൂ. ക്ലാസിനകത്ത് സാമൂഹിക അകലം പാലിച്ചു കഴിയാവുന്ന ഇരിപ്പിടമായിരിക്കണം.

അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കുന്നതാവും നല്ലത്. പാചക ജോലിക്കാർക്കും സ്‌കൂളിലെ ശുചി തൊഴിലാളികൾക്കും സ്‌കൂളിലെ ഡ്രൈവർമാർക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കണം. സംസ്ഥാനത്ത് കൊവിഡ് 19 രോഗം വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്ക ഇപ്പോഴുമുണ്ട്.ജനിതക വ്യതിയാനം സംഭവിച്ച മറ്റു രോഗങ്ങളും കൂടെയുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയല്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഇതിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ല. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഷിഗെല്ല പോലുള്ള പുതിയ വൈറസുകളും വെല്ലുവിളിയായി ഉണ്ട്.

പകർച്ച ഒഴിവാക്കാനും മരണങ്ങള്‍ സംഭവിക്കാതിരിക്കാനും വൈറസ് വ്യാപനം തടയേണ്ടതുണ്ട്. അതുകൊണ്ട് രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി ഉണ്ടാകുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ കാര്യത്തിൽ തന്നെയാണ്. കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ എല്ലാം പാലിച്ചാണ്
കഴിഞ്ഞ മാസങ്ങളിൽ പരീക്ഷ നടത്തിയത് എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും പല സെന്ററുകളിലും സാമൂഹിക അകലം പാലിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കഴിഞ്ഞില്ല.

സുരക്ഷാ ചട്ടങ്ങളിൽ വിട്ടുവീഴ്ച കാണിക്കാതെയും പലയിടത്തും കാര്യങ്ങൾ കൈവിട്ടുപോയി.
കേരളത്തിന് പുറത്തും വിദേശത്തും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന വേഗതയിൽ അടക്കേണ്ടിയും വന്നു.ക്ലാസ് മുറികളിലും പല പരീക്ഷ സെന്ററുകളിലും സാമൂഹിക അകലം പാലിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കഴിഞ്ഞില്ല.

പോലീസും ആരോഗ്യ പ്രവർത്തകരും വോളന്റിയര്മാരും എല്ലാ സ്‌കൂളിലും പരീക്ഷാ കേന്ദ്രങ്ങളിലു മുണ്ടായിരുന്നു. എന്നിട്ടും അകലം പാലിക്കേണ്ടത്തിന്റെ പ്രാധാന്യവും സുരക്ഷയുംപലരും മറന്നുപോയി. അതിനാൽ കോവിഡ് മാറി നിൽക്കാതെയും കോവിഡിനൊപ്പം ഇപ്പോൾ ക്ലാസ് നടത്തുമ്പോൾ ചിലതൊക്കെ നമുക്ക് പാഠവും പരീക്ഷയുമാകേണ്ടതുണ്ട്.

ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്നതും സംസ്‌കാര സമ്പന്നരാക്കുന്നതും വിദ്യാഭാസത്തിലൂടെ നേടുന്ന കരുത്താണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ മതജാതി വിഭാഗങ്ങളിലും പെട്ട സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വിദ്യാഭ്യാസത്തിലൂടെയുള്ള സമൂല മാറ്റത്തിനായി പ്രയത്‌നിച്ചതും.

അതിന്റെ ഗുണഫലം എല്ലാവരും അനുഭവിക്കുന്നുമുണ്ട്. വിശിഷ്യാ, സ്ത്രീ സമൂഹം. സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വ് മൊത്തം സമൂഹത്തിന്റെ നന്മയുടെ താക്കോലായി മാറുമെന്നതില്‍ തര്‍ക്കമില്ല.

അതിനാൽ ജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യം ചെറുതായി കണ്ടല്ല,സുരക്ഷയെക്കുറിച്ചുള്ള ഈ ഓർമപ്പെടുത്തൽ. കോവിഡ് കാല വിദ്യാഭ്യാസം രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതീക്ഷ മാത്രമല്ല നിരാശയും ഉത്കണ്ഠയും കൂടിയാണ്.

വിദ്യാഭ്യാസവും പഠനവും അതു മുഖേന ലഭിക്കുന്ന ജോലിയും പ്രതീക്ഷകളും സ്വപ്‌നങ്ങളും നിര്‍ണയിക്കുന്നതായി മാറുമ്പോൾ വിദ്യാഭ്യാസം ആധിക്കുള്ള വകയായി.
ഇപ്പോൾ ആധി വ്യാധി കൂടിയാകുമ്പോൾ പഠന വഴികളിൽ വൈറസ് കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്.

സർക്കാരും ആരോഗ്യ വകുപ്പും മഹത്തരവും മാതൃകാപരവുമായ സേവനങ്ങള്‍ പ്രതിരോധ കാര്യത്തില്‍ ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കൂട്ടായ ശ്രദ്ധയും പ്രതിരോധ നടപടിയും ഇതിലേക്ക് തിരിയണം. മറ്റാരുടെയെങ്കിലും കുട്ടികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നാളെ എന്റെ കുട്ടിക്കും അതു സംഭവിക്കാം എന്ന ബോധ്യത്തോടെ വേണം നാം ഓരോരുത്തരും കുട്ടികളെ കാണാന്‍. ധാര്‍മികതയുള്ള അതിലേറെ ആരോഗ്യമുള്ള ഒരു തലമുറയുടെ വാര്‍ത്തെടുപ്പു കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

കൊറോണ വൈറസ് ഉണ്ടാക്കിയ പ്രതിസന്ധി സാങ്കേതികരംഗത്തും വിദ്യാഭ്യാസരംഗത്തും അടുത്ത ഏതാനും വർഷം കൊണ്ട് വരുമായിരുന്ന പല മാറ്റങ്ങളെയും പുരോഗതിയെയും വേഗത്തിൽ ഇല്ലാതാക്കി എന്നു പറയാം. ഡിജിറ്റൽ ടെക്നോളജിയിൽ ഉണ്ടായ മാറ്റങ്ങൾ പതുക്കെയാണെങ്കിലും സ്കൂളുകളുടെയും കോളേജുകളുടെയും പഠനരീതികൾ കാലക്രമേണ മാറ്റുമായിരുന്നു എങ്കിലും കൊറോണ കാരണം ആ മാറ്റം ദ്രുത ഗതിയിൽ ആക്കേണ്ടിയും വന്നു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലനിൽപ്പ് പോലും പ്രതിസന്ധിയിലായി.
പ്രതീക്ഷകൾ തകർത്തു.പല കുട്ടികളും പഠനം നിർത്തി തൊഴിൽ രംഗത്തേക്ക് മാറി.മിക്ക സ്‌കൂൾ വിദ്യാർത്ഥികളും മൊബൈൽ ഗെയിമുകൾക്ക് അടിമകളായി.അനുസരണക്കേടും വാശിയും പ്രതികാര മനോഭാവവും കുട്ടികളിൽ വർദ്ധിച്ചു.പഠനവും മനനവും വിനോദവും എല്ലാം ക്രമംതെറ്റി കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വേളയിലാണ് വിദ്യാലയങ്ങളിൽ വീണ്ടും മണിയടിക്കുന്നത്.

ആദ്യം ഒന്നോ രണ്ടോ മാസത്തേക്കുള്ള ഒരു താൽക്കാലികക്രമീകരണം എന്ന് വിചാരിച്ചിടത്തു നിന്നും 2020 മുഴുവനോ ഒരു പക്ഷെ 2021ഉം അധ്യയനവർഷം മുഴുവനോ ആയി
തന്നെ ഓൺലൈൻ ആയി മാത്രം സ്കൂൾ നടത്തേണ്ടി വരും എന്ന അവസ്ഥ അൽപാൽപം മാറി വരുന്നേയുള്ളൂ.

ചെറിയ കുട്ടികൾ സ്‌കൂളിൽ എത്തിയിട്ടില്ല.ശുചിമുറിയും കുടിവെള്ളവും പ്രാഥമിക ചികിത്സ സൗകര്യവും ഇല്ലാത്ത കേവല കെട്ടിടങ്ങൾ മാത്രമാണ് മിക്ക വിദ്യാഭ്യാസ സ്ഥാപനവും.ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ പുതിയതല്ല.

ഇതിലൊക്കെ സമഗ്രമായ ഒരുമാറ്റം വിദ്യാലയങ്ങളിൽ പൊതുവെ ഉണ്ടാകേണ്ടതായുണ്ട്.
സ്‌കൂൾ തുറക്കാനുള്ള സാഹചര്യം പഴയതു പോലെ രൂപപ്പെടാതെയാണ് കുട്ടികൾ സ്‌കൂൾ അങ്കണത്തിൽ എത്തുന്നത്.ജീവന്റെ വിലയുള്ള ജാഗ്രത ക്ലാസ് മുറികളിൽ ആവശ്യമാണ്.
അറിവുള്ള അധ്യാപകരും ലോകപരിചയമുള്ള വിദ്യാർത്ഥികളും അമിത ആത്മ വിശ്വാസത്താൽ സുരക്ഷ ഒഴിവാക്കരുത്.

വൈറസ് കാലത്ത് പഠനത്തോടൊപ്പം അത്യാവശ്യമാണ് രോഗ രഹിതമായൊരു സാഹചര്യം.
പുതുവർഷം ആരോഗ്യവും, സമൃദ്ധിയും, സന്തോഷവും കൊണ്ടുവരട്ടെ എന്ന് നമുക്ക് ആശിക്കാം

 

×