/sathyam/media/post_attachments/L6kqh0Mg1aIoCQ5KdThv.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 80 ശതമാനം കേസുകളും 90 ജില്ലകളിൽ ആണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്. യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.