വിയന്ന: കോവിഡ് 19 പടര്‍ന്നു പിടിക്കാരാതിരിക്കാന്‍ മുന്‍കരുതലായി ജനങ്ങള്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈന്‍ ബെര്‍സെറ്റ്.
സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് വ്യാപനം തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്നും അതിനാല്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം ഒരു സ്വിസ് ദിനപത്രത്തോട് പറഞ്ഞു.
അയല്‍ രാജ്യമായ ഫ്രാന്‍സിലേത് പോലെ സ്വിറ്റ്സര്‍ലന്‍ഡിലും ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും എതിര്‍ ലിംഗത്തില്‍പ്പെട്ടവരുടെ കവിളിലാണ് ചുംബിക്കുന്നത്. 'കോവിഡ് 19 എങ്ങനെ തടയാം' എന്നതിനെക്കുറിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വിസ് ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹസ്തദാനം നല്‍കുന്നതും അവസാനിപ്പിക്കണമെന്ന് സ്വിസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കമ്മ്യൂണിക്കബിള്‍ ഡിസീസ് യൂണിറ്റ് മേധാവി ഡാനിയേല്‍ കോച്ച് ആവശ്യപ്പെട്ടു. കോവിഡ് 19 നെ ചെറുക്കുന്നതിനായി മാര്‍ച്ച് 15 വരെ ആയിരമോ അതിലധികമോ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിരോധിച്ചിട്ടുണ്ട്.
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഹസ്തദാനം നല്‍കുന്നതിനെതിരെ ഫ്രഞ്ച് ആരോഗ്യമന്ത്രിയും ഉപദേശവുമായി എത്തിയിരുന്നു. യൂറോപ്പില്‍ കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങലാണ് സ്വിറ്റ്സര്‍ലന്‍ഡും ഫ്രാന്‍സും.