‘എനിക്ക് ശ്വസിക്കാനാകുന്നില്ല, കൊറോണയുടെ ലക്ഷണങ്ങളാണ് എനിക്കുള്ളത്…ഉറപ്പായിട്ടും ഞാന്‍ കൊവിഡ് പോസിറ്റീവാണ്’; മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 26കാരനായ ഡോക്ടര്‍ സഹോദരനോട് പറഞ്ഞതിങ്ങനെ; ഡല്‍ഹിയില്‍ മരിച്ച യുവഡോക്ടര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവ് !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 4, 2020

ന്യൂഡല്‍ഹി: ‘എനിക്ക് ശ്വസിക്കാനാകുന്നില്ല, കൊറോണയുടെ ലക്ഷണങ്ങളാണ് എനിക്കുള്ളത്…ഉറപ്പായിട്ടും ഞാന്‍ കൊവിഡ് പോസിറ്റീവാണ്’… ഡോക്ടറായ അഭിഷേക് ഭയാന (26) മൂത്ത സഹോദരനായ അമാനോട് വ്യാഴാഴ്ച രാവിലെ അവസാനമായി പറഞ്ഞ വാക്കുകളാണിത്. ഇതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഈ യുവഡോക്ടര്‍ മരിക്കുകയും ചെയ്തു. രണ്ട് തവണ കൊവിഡ് പരിശോധനകള്‍ നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവാണെന്നാണ് കണ്ടെത്തിയിരുന്നതെങ്കിലും താന്‍ രോഗബാധിതനാണെന്ന് ഉറപ്പിക്കുകയായിരുന്നു അഭിഷേക് ഭയാന.

‘വ്യാഴാഴ്ച രാവിലെ വരെ അവന് വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. പെട്ടെന്നാണ് ഗുരുതരാവസ്ഥയിലായത്. ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അച്ഛനും അമ്മയും ഇപ്പോഴും ഷോക്കിലാണ്’-അമാന്‍ പറഞ്ഞു.

10 ദിവസങ്ങള്‍ക്ക് മുമ്പാണ് അഭിഷേകിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തൊണ്ടവേദനയും ചുമയുമുണ്ടായിരുന്നു. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. വൈറല്‍ പനിയായിരിക്കുമെന്ന ചിന്തയിലായിരുന്നു താനും കുടുംബവുമെന്ന് അമാന്‍ പറഞ്ഞു.

എന്നാല്‍ ഇത് ചെസ്റ്റ് ഇന്‍ഫെക്ഷനല്ലെന്നും കൊവിഡാണെന്നും അഭിഷേക് അവസാന ശ്വാസം വരെ പറഞ്ഞിരുന്നതായും അമന്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നെങ്കിലും അത് വൈകിപ്പോയിരുന്നെന്നും കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡല്‍ഹി മൗലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദന്തിസ്റ്റായിരുന്നു അഭിഷേക് ഭയാന. വളരെ കഠിനാധ്വാനിയായിരുന്നു അഭിഷേക് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. എയിംസ് എംഡിഎസ് പരീക്ഷയില്‍ 21-ാം റാങ്ക് നേടിയ വ്യക്തിയായിരുന്നു അഭിഷേക്. ജൂലൈ 22ന് 27-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണത്തിലേക്ക്‌ യാത്രയാകുന്നത്. സംസ്‌കാരം വെള്ളിയാഴ്ച നടന്നു.

×