കേരളം

കോവിഡ് ഫലത്തില്‍ കൃത്രിമം; സ്രവം എടുക്കാതെ തന്നെ ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റീവായി നല്‍കും; മഞ്ചേരിയിലെ ലാബ് പൂട്ടി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, September 19, 2021

മഞ്ചേരി: സ്രവം എടുക്കാതെ തന്നെ ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റീവായി നല്‍കുന്ന മലപ്പുറം മഞ്ചേരിയിലെ ലാബ് ഡി.എം.ഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൂട്ടി. ആരോഗ്യവകുപ്പ് നിബന്ധനപ്രകാരമുളള സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് മഞ്ചേരി മെഡിക്കല്‍ കോളജിനു മുന്‍പില്‍ സഫ ലാബിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. കോവിഡ് ഫലത്തില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലയിലെ ലാബുകളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചു.

സഫ ലാബ് വഴി കഴിഞ്ഞ 2 മാസമായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ കസ്റ്റഡിയിലെടുത്ത് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസിലെ ഐ.ടി. വിദഗ്ധരും പരിശോധിച്ചു വരികയാണ്.

ലാബ് ആകെ പ്രവര്‍ത്തിച്ചത് 200 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള ഒറ്റമുറിയിലാണ്. പ്രമേഹ പരിശോധന മുതല്‍ കോവിഡ് സ്രവ ശേഖരണത്തിനു വരെ ഈ മുറിയല്ലാതെ വേറെ സ്ഥലമില്ല.

ഈ ഒറ്റമുറി കാട്ടിയാണ് സ്കാനിങ് സൗകര്യമടക്കമുണ്ടെന്ന പരസ്യബോര്‍ഡുകള്‍ മെഡിക്കല്‍ കോളജിനു മുന്‍പില്‍ സ്ഥാപിച്ചത്. പൊലീസ്, ഡ്രഗ് കണ്‍ട്രോളര്‍ അടക്കമുളളവരുടെ സഹായത്തോടെ കൂടുതല്‍ ലാബുകളില്‍ തട്ടിപ്പു നടന്നിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു കഴിഞ്ഞു.

×