കേരളം

രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ എത്തിയ വീട്ടമ്മയ്ക്കു കിട്ടിയത് 2 ഡോസ് വാക്സിൻ

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, August 1, 2021

കോട്ടയം: രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ എത്തിയ വീട്ടമ്മയ്ക്കു കിട്ടിയത് 2 ഡോസ് വാക്സിൻ. തലയോലപ്പറമ്പ്‌ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനെത്തിയ വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്തത്.

വടയാർ കോരപ്പുഞ്ചയിൽ സരള തങ്കപ്പൻ എന്ന സ്ത്രീക്കാണ് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് എടുത്തത്.  ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ ഇവർ എത്തിയത്. ആദ്യം ഒരു ഡോസ് എടുത്തു.

കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചതിന് ശേഷം സാരി നേരെ ഇടുന്നതിന് ഇടയിൽ വീണ്ടും നഴ്സ് കുത്തുകയായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്.  സരള ഇപ്പോൾ നിരീക്ഷണത്തിലാണ്.

ആദ്യം സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയിൽ ഡെത്ത് സർട്ടിഫിക്കറ്റിനു വന്ന ആൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോയി. മടങ്ങി എത്തിയപ്പോൾ കസേരയിൽ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്സിന്റെ വിശദീകരണം.

×