മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; സംസ്ഥാന മന്ത്രിമാരില്‍ ആദ്യം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, March 2, 2021

കണ്ണൂര്‍:  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സംസ്ഥാന മന്ത്രിമാരില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കും.

മോട്ടോര്‍ വാഹന പണിമുടക്ക് ആയതുകൊണ്ട് ഇരുചക്രവാഹനത്തിലാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കടന്നപ്പള്ളി എത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പതിവുള്ള അരമണിക്കൂര്‍ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മന്ത്രി പോയി.

സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുകയാണ്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59 വയസിനും ഇടയില്‍ പ്രായമുളള  ഗുരുതര രോഗികള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷന് തുടക്കമിട്ടത്.

×