‘ചൈനീസ് വാക്‌സിന് ഗുണമേന്മ പോരാ’; ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ ബ്രസീല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 15, 2021

ഡല്‍ഹി: കോവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്‌സിന് ഗുണമേന്മ പോരാ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി ബ്രസീല്‍. മുംബൈയില്‍ പ്രത്യേക വിമാനം എത്തിച്ച് 20 ലക്ഷം ഡോസ് വാക്‌സിന്‍ നാട്ടില്‍ എത്തിക്കാനാണ് ബ്രസീല്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസീലില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുകയാണ്. ചൈനീസ് വാക്‌സിന്റെ പരീക്ഷണത്തില്‍ 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡും കോവാക്‌സിനും സംഭരിക്കാന്‍ ബ്രസീല്‍ പദ്ധതിയിട്ടത്.

മുംബൈയില്‍ ഈ ആഴ്ച അവസാനം വിമാനം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശീതികരണ സംവിധാനം ഉള്‍പ്പെടെ വാക്‌സിന്‍ സൂക്ഷിക്കാന്‍ കഴിയുന്ന എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനം അയക്കാനാണ് ബ്രസീല്‍ ആലോചിക്കുന്നത്.

അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ മോദിക്ക് കത്തയച്ചത്.

കോവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബ്രസീല്‍ വാണിജ്യകരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.  ബ്രസീല്‍ തെരഞ്ഞെടുത്ത മറ്റൊരു വാക്‌സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍.

×