‘കോവിഡ് വാക്‌സിന്‍: ഇന്ത്യോ-ടിബറ്റന്‍ പൊലീസ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന് പിന്നാലെ പ്രതിരോധ സേനകളിലുള്ളവരും വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങി. ഇന്ത്യോ-ടിബറ്റന്‍ പൊലീസ് സേനയിലെ 20 പേരാണ് ആദ്യ ഘട്ടത്തിലെ വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ഭാഗമായത്.

3 ഡോക്ടര്‍മാര്‍, 17 പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരടങ്ങിയ സംഘമാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഡോക്ടര്‍ വിവേക് ഗുപ്തയാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. ജമ്മു കാശ്മീരിലെ ബിഷ്‌നയിലുള്ള സര്‍ക്കാര്‍ ആശുപത്രിയായിരുന്നു വാക്‌സിനേഷന്‍ കേന്ദ്രം.

ജനുവരി 16ന് രാവിലെ 10.30‌ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ്‌ വാക്‌സിന്‍ വിതരണത്തിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നിര്‍വഹിച്ചു. തുടര്‍ന്ന്‌ രാജ്യത്തെമ്പാടും തയാറാക്കിയ 3006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്താണ് മരുന്ന് കുത്തിവയ്പ്പ് ആരംഭിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്ന ഒരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ്‌ വാക്‌സിനാണ്‌ കുത്തിവെയ്‌പിലൂടെ നല്‍കുന്നത്‌. ആദ്യ ഡോസ്‌ എടുത്തതിന്‌ ശേഷം 28 ദിവസം കഴിഞ്ഞ്‌ അടുത്ത ഡോസ്‌ വാക്‌സിന്‍ സ്വീകരിക്കും.

×