കോവിഡ് വാക്‌സിൻ ഉൽപ്പാദനം എന്ന് തുടങ്ങും ? എന്നുമുതൽ നമുക്ക് ലഭ്യമാകും ?

പ്രകാശ് നായര്‍ മേലില
Monday, October 19, 2020

ഇപ്പോൾ വളരെ അഡ്വാൻസ് സ്റ്റേജിലുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കോവിഷീൽഡ്‌ വാക്‌സിൻ ഇക്കൊല്ലം (2020) ഡിസംബർ അവസാനം വരെയാകുമ്പോൾ 20 മുതൽ 30 കോടിവരെ ഡോസ് വാക്‌സിൻ തയ്യറാക്കപ്പെടുമെന്ന് എസ്ഐഐ എക്സികുട്ടീവ് ഡയറക്ടർ ശ്രീ സുരേഷ് ജാധവ് അറിയിച്ചു.

ഡിസിജിഐ (ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ ലൈസൻസ് ലഭിച്ചശേഷം മാത്രമേ വാക്‌സിൻ മാർക്കറ്റിൽ ലഭ്യമാക്കുകയുള്ളു.

ഡിസംബർ അവസാനത്തോടെ എല്ലാ ക്ലിനിക്കൽ ട്രയലുകളുടെയും പരീക്ഷണ ഡാറ്റകൾ ഡിസിജിഐക്ക് സമർപ്പി ക്കേണ്ടതുണ്ട്. അതിനുശേഷം ഒരു മാസത്തിനുള്ളിൽ വാക്‌സിന് അടിയന്തര അനുമതി (ഐയുഎല്‍) ലഭിച്ചേക്കാം.

തുടർന്ന് പ്രീ ക്വാളിഫിക്കേഷന്‍ ലഭിക്കുന്നതിനായി ഡബ്ല്യുഎച്ച്ഒയെ സമീപിക്കേണ്ടതുണ്ട്. അത് ലഭിച്ചാൽ മാത്രമേ അന്താരാഷ്ട്ര വിപണിയിൽ വാക്‌സിൻ നൽകാൻ കഴിയുകയുള്ളു. കാരണം സിറം നിർമ്മിക്കുന്ന വാക്‌സിൻ പകുതിക്ക് മാത്രമേ നമുക്കവകാശമുള്ളു എന്നതാണ്.

എന്നാൽ സമയം കൂടുതൽ ലാഭിക്കുന്നതിനായി ഡിസിജിഐയെയും ഡബ്ല്യുഎച്ച്ഒയെയും ഒരേസമയത്ത് സമീപിക്കാനും ആലോചനയുണ്ട്.

ഈ അനുമതികളെല്ലാം 2021 മാർച്ചിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അനുമതിക്കുശേഷം മാസം 6 മുതൽ 7 കോടി വരെ ഡോസ് വാക്‌സിൻ ഉദ്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വാക്‌സിന്റെ പ്രതിരോധശക്തി എത്രനാൾ മനുഷ്യശരീരത്തിൽ നിലനിൽക്കുന്നു എന്നതും പ്രധാനവിഷയമാണ്. ഇപ്പോഴത്തെ കണക്കുകൂട്ടലിൽ 2 മുതൽ 3 വർഷം വരെയുള്ള നിരീക്ഷണം ഇതിനാവശ്യമാണ്.

ഇന്ത്യയിൽ 50 % ജനസംഖ്യ 55 വയസ്സിൽ താഴെയുള്ളവരാണ്. അവരിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. എങ്കിലും ആദ്യം ഈ വാക്‌സിൻ നല്കപ്പെടുക ആരോഗ്യ പ്രവർത്തകർക്കായിരിക്കും. രണ്ടാമത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാകും നൽകുക.

×