ഹോങ്കോംഗ്: അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി വിതയ്ക്കുകയാണു കൊറോണ വൈറസ് (കോവിഡ് 19). പ്രഭവകേന്ദ്രമായ ചൈന കൂടാതെ 66 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ഇതുവരെ മൂവായിരത്തിലേറെ ജീവനാണു കവര്‍ന്നത്.
യൂറോപ്പിലും മധ്യപൂര്‍വദേശത്തും പടര്‍ന്ന വൈറസ്, ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും ഉള്‍പ്പെടെ മരണം വിതയ്ക്കുമോ എന്ന ആശങ്കയിലാണു ലോകം. അവസരം മുതലെടുത്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയുക എന്നതു സര്‍ക്കാരുകളെ, പ്രത്യേകിച്ചും ചൈനയില്‍ പ്രയാസം സൃഷ്ടിക്കുകയാണ്.
പകര്‍ച്ചവ്യാധിയെക്കുറിച്ചു രാജ്യത്ത് ആദ്യം മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ് (34) കൊറോണ ബാധിച്ചു മരിച്ചതോടെയാണു 'കേട്ടുകേള്‍വി' എന്ന വാക്കിനു ചൈനയില്‍ പുതിയ അര്‍ഥങ്ങളുണ്ടായത്. ഡോക്ടര്‍ ലീയുടെ മരണത്തിന്റെ ഞെട്ടലില്‍നിന്നു ചൈനീസ് ജനത മോചിതരായിട്ടില്ലെന്നു രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റര്‍നെറ്റ് നിയന്ത്രണം ചൈന കടുപ്പിച്ചു. ലീ വെന്‍ലിയാങ്ങിന്റെ മരണത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.
കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയ ലീ വെന്‍ലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസമാണു മരിച്ചത്. മെസേജിങ് ആപ്പായ വി ചാറ്റില്‍, തന്റെ ഒപ്പം മെഡിക്കല്‍ പഠനം നടത്തിയവര്‍ അംഗങ്ങളായ അലമ്‌നൈ ഗ്രൂപ്പിലാണു ലീ വിവരം പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെന്‍ലിയാങ്ങിനെ ശാസിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകനെ കാണാതായതും ചര്‍ച്ചയായി.
ചൈനയിലെ വുഹാനില്‍നിന്നു കൊറോണ ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്ന പരാതി വലിയ വാര്‍ത്തയായി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാന്‍ നഗരത്തെയാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ വുഹാനില്‍നിന്നു മൊബൈല്‍ ഫോണ്‍ വഴി പുറത്തുവിട്ട വാര്‍ത്തകളാണ് കൊറോണ വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ഇവരില്‍ ചെന്‍ ക്വിഷിയെ ആണു കാണാതായത്.
കൊറോണ ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേ ലീ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ ലീക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നല്‍കേണ്ടിവന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തിരുന്നുവെങ്കില്‍ ലീ ഉള്‍പ്പെടെ ചൈനയിലെ 2900ലേറെ മരണങ്ങള്‍ കുറയ്ക്കാമായിരുന്നെന്ന അഭിപ്രായമാണു ചൈനക്കാര്‍ പങ്കുവയ്ക്കുന്നത്. ലീയെ പോലുള്ളവര്‍ പങ്കിടുന്ന വിവരങ്ങള്‍ കേട്ടുകേള്‍വിയും അപവാദ പ്രചാരണവുമായി കണ്ടു ശിക്ഷിക്കുന്ന നടപടിക്കെതിരെയാണു പ്രതിഷേധം.
'കിംവദന്തി/അഭ്യൂഹം നമ്മുടെ കാലത്തെ പ്രവചനം' എന്ന ഉദ്ധരണിയാണ് കുറച്ചു ദിവസങ്ങളായി ചൈനയിലെ സൈബര്‍ ലോകത്തില്‍ ഹിറ്റ്. ഇന്റര്‍നെറ്റിനും ആശയപ്രചാരണത്തിനും രാജ്യത്ത് അധികാരികള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ അസംതൃപ്തരാണു ചൈനക്കാര്‍.
സത്യസന്ധമായ കണക്കുകളും വിവരങ്ങളും മറച്ചുവയ്ക്കാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കു ചൈന പണം കൊടുക്കുന്നുണ്ടെന്നാണ് ആരോപണം. ഈ സെന്‍സറിങ് ഇല്ലായിരുന്നെങ്കില്‍ 84,000ലേറെ പേര്‍ക്കു രോഗം വരില്ലെന്നും ലക്ഷക്കണക്കിനു മനുഷ്യര്‍ തടവുജീവിതം അനുഭവിക്കേണ്ടി വരില്ലെന്നും അഭിപ്രായമുയരുന്നു.
ഇതേസമയം സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ചൈനീസ് അധികൃതരെ കുഴപ്പിക്കുകയുമാണ്. സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം മറികടന്നെത്തുന്ന വ്യാജവിവരങ്ങള്‍ ശരിയായിരിക്കുമെന്ന ചിന്തയില്‍ ജനം സ്വീകരിക്കുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ കൊറോണ വിഡിയോകളും വാര്‍ത്തകളും പ്രചരിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
ട്വിറ്ററിനെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഔദ്യോഗികമായി ചൈനയില്‍ നിരോധനമുണ്ടെങ്കിലും മറ്റു മാര്‍ഗങ്ങള്‍ വഴി ജനങ്ങള്‍ ട്വിറ്ററിലെത്തിയാണു വിവരം ശേഖരിക്കുന്നതും പങ്കിടുന്നതും.
കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജനുവരി മുതല്‍ കേള്‍ക്കുന്നതാണ്, പ്രകൃതിയില്‍നിന്നുണ്ടായ വൈറസ് അല്ല ഇതെന്നും മനുഷ്യനിര്‍മിതം ആണെന്നും. ഈ ഗൂഢാലോചനാ സിദ്ധാന്തം ശരിയാണെന്ന തരത്തില്‍ ലോകമെമ്പാടും വ്യാപകമായി സ്വീകരിക്കപ്പെട്ടു, ചര്‍ച്ച ചെയ്തു.
ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായതിനാല്‍ ചൈനയാണു വൈറസിനെ സൃഷ്ടിച്ചതെന്ന സന്ദേശങ്ങള്‍ 'ആധികാരികമായി' തന്നെ ഇന്റര്‍നെറ്റില്‍ നിറഞ്ഞു. ചൈനയിലെയും പശ്ചാത്യ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ പലകുറി തെളിവുസഹിതം തള്ളിയിട്ടും ഈ അഭ്യൂഹം ഇപ്പോഴും പ്രചരിക്കുന്നു.