കൃഷിയിടങ്ങളിൽ നിന്നും കാട്ടുപന്നികളെ തുരത്തുന്നതിന് വേണ്ടി സൂക്ഷിച്ച പടക്കം നിറച്ച ഭക്ഷണം പശു കഴിച്ചു;  നരകയാതനകൾക്കൊടുവിൽ ദയാവധം 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൃഷിയിടങ്ങളിൽ നിന്നും കാട്ടുപന്നികളെ തുരത്തുന്നതിന് വേണ്ടി സൂക്ഷിച്ച പടക്കം നിറച്ച ആഹാരം കഴിച്ചു സാരമായി പരിക്കേറ്റ പശുവിന് ദയാവധം. മൈസൂരിലെ ബെറ്റഡ ബിദു എന്ന ഗ്രാമത്തിലാണ് സംഭവം. പുല്ലുമേയുന്നതിനിടെ പടക്കം നിറച്ച ആഹാരം പശു അറിയാതെ ഭക്ഷിക്കുകയായിരുന്നു.

Advertisment

publive-image

സംഭവം നടന്ന ഉടൻ തന്നെ പീപ്പിൾ ഫോർ ആനിമൽ എന്ന മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങളും മൃഗഡോക്ടർമാരും സ്ഥലത്തെത്തി. പശുവിന്റെ നാവും താടിയെല്ലും ശ്വാസനാളവും പൂർണമായി തകർന്ന നിലയിലായിരുന്നു. ചികിത്സ നൽകിയാലും പരുക്കിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പശുവിന് ദയാവധം നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഗ്രാമവാസിയായ നരസിംഹ ഗൗഡ എന്ന കർഷകന്റെ മൂന്ന് വയസ്സ് പ്രായമായ പശുവാണ് അപകടത്തിൽപ്പെട്ടത്. പശുക്കളും മറ്റു വളർത്തുമൃഗങ്ങളും സ്ഥിരമായി മേയാൻ പോകുന്ന സ്ഥലമാണെന്നറിഞ്ഞിരുന്നിട്ടും പടക്കം നിറച്ച കെണി അവിടെ സ്ഥാപിച്ചവരെ കണ്ടെത്തി അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി നരസിംഹ ഗൗഡ വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം അടുത്തയിടെ ദേശീയതലത്തിൽ ചർച്ചയായിരുന്നു.

cow death
Advertisment