കണ്ണൂര്‍: പള്ളിക്കുള്ളില്‍ സാമൂഹ്യവിരുദ്ധര്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ മൊയ്തീന്‍ പള്ളിയിലാണ് സംഭവം. ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ പിരിഞ്ഞുപോയ ശേഷമായിരുന്നു സംഭവം. പള്ളിക്കുള്ളില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും, ചാണകം വിതറുകയുമായിരുന്നു. പള്ളി ജീവനക്കാരന്‍ ഉടന്‍ പള്ളിക്കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.
പ്രതികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുമ്ബില്‍ കൊണ്ടു വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുല്‍ കരീംചേലേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ സ്ഥലത്തെത്തി പരിശോധ നടത്തി. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.