ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ചയോടെ 14 പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വൈറസ് വകഭേദങ്ങള്‍ നിരീക്ഷിക്കാന്‍ 17 ലബോറട്ടറികള്‍ കൂടി 'ഇന്‍സാക്കോഗ്' (INSACOG) ശൃംഖലയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡുമായി ബന്ധപ്പെട്ട ഉന്നതതല മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
സ്‌ക്രീനിംഗ് ചെയ്ത സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വിശകലനം നടത്തുന്നതിനുമായി 17 പുതിയ ലബോറട്ടറികള്‍ ഇന്‍സാക്കോഗ് നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തുമെന്ന് ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 10 ലബോറട്ടറികളാണ് ഇപ്പോള്‍ ഈ ശൃംഖലയിലുള്ളത്. ''ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍ 26 ദിവസത്തിന് ശേഷം ആദ്യമായി മൂന്ന് ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,01,461 സജീവ കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്''-മന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആന്റി കൊവിഡ് മരുന്നായ '2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അല്ലെങ്കില്‍ 2-ഡിജി (ഇന്‍മാസും ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആര്‍ഡിഒ വികസിപ്പിച്ചത്) നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കിയ ഗവേഷകരെ ആരോഗ്യമന്ത്രാലയം പ്രശംസിച്ചു.
ഈ മരുന്ന് കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ 'ഗെയിം ചേഞ്ചറാകു'മെന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്. കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും സഹായിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
4.22 കോടി എന്‍95 മാസ്‌കുകള്‍, 1.76 കോടി പിപിഇ കിറ്റുകള്‍, 52.64 ലക്ഷം റെംഡെസിവിര്‍ കുത്തിവയ്പ്പുകള്‍, 45,066 വെന്റിലേറ്ററുകള്‍ എന്നിവ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ വിശദീകരിക്കുന്നു.
അടുത്ത ആഴ്ചയോടെ കോവിന്‍ പ്ലാറ്റ്‌ഫോം ഹിന്ദിയിലും 14 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് കെ. സിംഗ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വകഭേദത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പഞ്ചാബിലും ചണ്ഡീഗഡിലും ശേഖരിച്ച സാമ്പിളുകളില്‍ ഇന്ത്യ, യുകെ വകഭേദങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ടെസ്റ്റിംഗ് നയത്തിലെ നൂതനമായ മാറ്റങ്ങളെക്കുറിച്ച് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ സംസാരിച്ചു. പുതിയ ടെസ്റ്റിംഗ് ചട്ടപ്രകാരം നിലവിലെ 25 ലക്ഷം എന്നത് 45 ലക്ഷമായി വര്‍ധിപ്പിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ഉത്പാദനവും വിതരണവും ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യേക സെല്‍ രൂപീകരിച്ചതായി ഫാര്‍മ സെക്രട്ടറി എസ്. അപര്‍ണ യോഗത്തില്‍ വ്യക്തമാക്കി. കൊവിഡ് മെഡിക്കല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെങ്കിലും ഫവിപിരാവിറിനുള്ള ആവശ്യം വര്‍ദ്ധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.
സർക്കാർ ഇടപെടലിലൂടെ രാജ്യത്ത് റെംഡെസിവിർ ഉൽപാദനം മൂന്നിരട്ടിയിലധികമായി വർധിച്ചതായും (പ്രതിമാസം 39 ലക്ഷം മുതൽ 1.18 കോടി കുപ്പികൾ വരെ) അപര്‍ണ പറഞ്ഞു. മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി യുടെ ഡിമാൻഡും വർദ്ധിച്ചു.
സംസ്ഥാനങ്ങൾ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കിടയില്‍ തുല്യമായ വിതരണം നടത്തണമെന്നും ലഭ്യത, ഷോപ്പ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും ഫാര്‍മ സെക്രട്ടറി പറഞ്ഞു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് എസ് പുരി, മറ്റ് മന്ത്രിമാരായ നിത്യാനന്ദ് റായി, അശ്വിനി കുമാര്‍ ചൗബെ, നീതി ആയോഗ് അംഗം ഡോ. വിനോദ് കെ. പോള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.