അതിജീവിച്ചവരുടെ മാത്രം തലമുറയാണ് നമ്മൾ… അതിനാൽ കോവിഡ്-19 നെയും അതിജീവിക്കാം എന്ന പ്രത്യാശ നല്ലതാണ്….സി പി കുട്ടനാടൻ എഴുതുന്നു

Thursday, July 9, 2020

ലോകം കോവിഡ്-19 ൻ്റെ ഭീതിയിലാണ്. ബ്രഹ്മാണ്ഡത്തിലെ മനുഷ്യ ജന്തു എന്ന നിലയിൽ നാമെല്ലാം വളരെ ആശങ്കയിലുമാണ്. കുട്ടനാട്ടിലെ സാധാരണക്കാരൻ പോലും ഇപ്പോൾ ആഗോള ആശങ്കയിൽ പങ്കു ചേർന്നിരിക്കുന്നു. നമ്മുടെ തലമുറ മാത്രമാണ് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ഇത്തരം ഒരു അവസ്ഥ നേരിടുന്നതെന്ന് ഞാൻ കരുതുന്നു (അല്ലാതെയെന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരിക) ബ്യുബോണിക് പ്ളേഗ് പടർന്നു പിടിച്ചത് പല രാജ്യങ്ങളിൽ പലപ്പോഴായിട്ടായിരുന്നു.

കോളറയും വസൂരിയും അങ്ങനെത്തന്നെയായിരുന്നു. ദാരിദ്ര്യം മാത്രമായിരുന്നു ആഗോളതലത്തിൽ ഉണ്ടായിരുന്നതു. അതിനെ രോഗമായി പെടുത്താൻ സാധിക്കാത്തതിനാൽ നിലവിൽ കോവിഡ്-19 ആണ് നമ്മളെയെല്ലാം ആഗോള പൗരനാക്കി ഉയർത്തിയ പ്രധാന വില്ലൻ. മനുഷ്യ വംശത്തിൽ ജനിച്ചുപോയ നമ്മൾ മനുഷ്യനായിത്തന്നെ മരിക്കേണ്ടിവരുമെന്ന പ്രപഞ്ച സത്യം തിരുത്തപ്പെടാനാവാതെയുള്ളതാണെന്നു സംശയമില്ലല്ലോ.

ഇതിൽ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ടെൻഷൻ വേണ്ട. കാരണം മനുഷ്യ വംശം പലതും അതിജീവിച്ചാണ് ഇപ്പോൾ കാണുന്ന പരുവത്തിലേക്ക് എത്തിച്ചേർന്നത്. അതിജീവിച്ചവരുടെ മാത്രം തലമുറയാണ് നമ്മളേവരും അതിനാൽ കോവിഡ്-19 നെയും അതിജീവിക്കാം എന്ന പ്രത്യാശ നല്ലതാണ് എന്നാൽ അതിൻ്റെ മറുവശം കൂടെ ചിന്തിച്ചു പ്രവർത്തിക്കുന്നത് മുൻകരുതലോടെ വർത്തിക്കാൻ നമുക്ക് ഉൾക്കാഴ്ച നൽകും എന്ന് എനിക്ക് തോന്നുന്നു.

അല്പം തത്വ ചിന്തയോടെ ആരംഭിക്കാം. കഴിഞ്ഞ നൂറ്റാണ്ടിൽ നമ്മളാരും ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല. അടുത്ത നൂറ്റാണ്ടിലും നമ്മളാരും ഉണ്ടാവില്ല. അതിനർത്ഥം ഇന്ന് ഈ നിമിഷം നമ്മളാൽ ചലിക്കപ്പെടുന്നു എന്ന് നമ്മൾ ചിന്തിക്കുന്ന ഈ ബ്രഹ്മാണ്ഡം ഒരു മായാ പ്രഹേളികയാണ് എന്നതല്ലേ. ഇന്ന് നമ്മൾ കാണുന്ന ജനാധിപത്യ ഭരണക്രമമാവില്ല അടുത്ത നൂറ്റാണ്ടിൽ ഒരുപക്ഷെ ഉണ്ടാവുക. ജനാധിപത്യത്തിനേക്കാൾ നല്ല അഡ്മിനിസ്ട്രേഷൻ വിഭാവനം ചെയ്യപ്പെട്ടാൽ അത് ലോകം സ്വീകരിക്കും. അതുപോലെ തന്നെയാണ് ഇന്നു കാണുന്ന പലതും. നിമിഷാർദ്ധങ്ങൾക്കൊണ്ടു മാറ്റിമറിക്കപ്പെടാം.

അതിനാൽ ദുഖമുണ്ടാവും പക്ഷെ “കിം ഫലം…?” അതിനാൽ സ്വാഭാവികമായുള്ള ദുഃഖം ഉണ്ടായിക്കൊള്ളട്ടെ പക്ഷെ ടെൻഷൻ അടിച്ചതുകൊണ്ട് കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങാൻ പോകുന്നില്ല. അതുകൊണ്ട് കോവിഡ് ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. ബാധിച്ചാൽ അവസാന നിമിഷം വരെ പ്രത്യാശ കൈവിടാതെ മരണത്തെ ആലിംഗനം ചെയ്യാൻ മനസ്സ് കാണിക്കുക എന്ന ഓപ്‌ഷൻ മാത്രമേ നിലവിൽ മനുഷ്യപ്പുഴുക്കളായ നമുക്ക് മുന്നിൽ ഉള്ളൂ. ഇവിടെ അതിജീവിക്കുന്ന മനുഷ്യരിൽ ജീൻ എഡിറ്റിങ് സംഭവിച്ചു കോവിഡ് പോലുള്ള രോഗങ്ങളെയും വൈറസിനെയുമൊക്കെ അതിജീവിക്കാൻ ശേഷിയുള്ള ഒരു പുതിയ തലമുറ ഭാവിയിൽ രൂപപ്പെട്ടു വന്നേയ്ക്കാം. എല്ലാത്തിനുമുള്ള സാധ്യതകളെ നമ്മൾ മനസ്സിലാക്കുമ്പോഴാണ് ഈ പ്രപഞ്ചത്തിൻ്റെ വിശാലതയിൽ ഭൂമിയിലെ നിസ്സാരത്വം നമുക്ക് മനസ്സിലാവുക.

ദേവേന്ദ്രൻ്റെ കൊട്ടാരത്തിന് സമീപമുള്ള വൃക്ഷമാണ് കൽപ്പതരു. ആരെന്തു ചോദിച്ചാലും കൽപ്പതരു നൽകും. പണം, ഇഷ്ട ഭക്ഷണം, ഇഷ്ട വാഹനം, കാലങ്ങളായി ഉത്തരം മനസ്സിലാകാതിരുന്ന സംശയങ്ങൾ എന്നുവേണ്ട കല്പതരു എല്ലാ ആഗ്രഹങ്ങളും നിവർത്തിക്കും. അങ്ങനെയിരിക്കെ കൽപ്പതരുവിൻ്റെ ചില്ലയിലേയ്ക്ക് ഒരു കാക്ക താമസത്തിനെത്തി അതിൻ്റെ പേരാണ് കാകഭുസന്തി. കാകഭുസന്തി കുറച്ചു പഴങ്ങൾ ആവശ്യപ്പെട്ടു കൽപ്പതരു നൽകി.

ശേഷം കാകഭുസന്തി ചോദ്യങ്ങൾ പലതും ചോദിയ്ക്കാൻ തുടങ്ങി കൽപ്പതരു എല്ലാത്തിനും തൃപ്തികരവും സമഗ്രവുമായി മറുപടി നൽകി. പക്ഷേ, കാക ഭുസന്ധിയുടെ പ്രാപഞ്ചികവും കാലാതിവർത്തിയുമായ ചോദ്യത്തിനു മാത്രം ഉത്തരം പറയാൻ കഴിയുന്നില്ല. കാക ഭുസന്ധിയുടെ HOW (എങ്ങനെ) എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന കല്പതരുവിന് WHY (എന്തിനു) എന്ന ചോദ്യത്തിന് ഉത്തരം നൽകുവാൻ സാധിക്കുന്നില്ല എന്നതാണ് അതിൻ്റെ അന്തസത്ത. അതായതു ബ്രഹ്മാണ്ഡം ഉണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ബിഗ്ബാങ് തിയറിയാണ് എന്നാൽ ബ്രഹ്മാണ്ഡം ഉണ്ടായത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാക്കാൻ സാധിക്കുന്നില്ല. ഈ ഉത്തരത്തിലേക്കുള്ള പ്രയാണമാണ് ഭാരതീയ ജീവിത ധാരയുടെ ബൗദ്ധിക നിലവാരത്തിൻ്റെ ഔന്നിത്യം.

അതിനാൽ കാകഭുസന്തിയുടെ ചോദ്യം അവനവനോട് ചോദിച്ചാൽ ശരിക്കുള്ള ടെൻഷൻ മാറിക്കിട്ടും എന്ന് എനിക്ക് തോന്നുന്നു. പിന്നൊരു വാസ്തവം കൂടെ പറയാം. എല്ലാം കൈവിട്ടു പോയാൽ കോവിഡ് -19 ജയിക്കും എന്ന ഘട്ടമെത്തിയാൽ നമ്മളെയൊക്കെ രക്ഷിക്കാൻ ഭഗവാനല്ലാതെ ആരുമുണ്ടാവില്ല. മെഡിക്കൽ സുരക്ഷകളും ചികിത്സാ സൗകര്യങ്ങളും ഭരണകൂടത്തിലുള്ള വിവിഐപികൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രമായി ചുരുക്കപ്പെടും. അല്ലാതെ പാവപ്പെട്ടവൻ്റെ ജീവൻ രക്ഷിക്കാനൊന്നും ആരും മിനക്കെടില്ല അത് അസാദ്ധ്യവുമാണ്. അതിനാൽ ഭരണകൂടം തരുന്ന നിർദ്ദേശങ്ങൾ പരമാവധി പാലിച്ചുകൊണ്ട്‌. പോലീസുകാർക്ക് ജോലികൂട്ടി ബുദ്ധിമുട്ടിക്കാതെ ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ നോക്കിക്കൊണ്ട് ഒരിക്കലും അരാജക അവസ്ഥയിലേക്ക് ലോകവും നമ്മുടെ നാടും വീണു പോകരുതേ എന്ന് പ്രാർത്ഥിക്കാം കാരണം “സുരക്ഷ എന്നത് ഇല്ലാതെ നീതി എന്നത് ഉണ്ടാവില്ല. നിയമം എന്നത് വെറും വാക്കുകൾ മാത്രമായിരുന്നാൽ എന്താണ് പ്രയോജനം”

ലോകാഃ സമസ്താ സുഖിനോ ഭവന്തു

×