/sathyam/media/post_attachments/eNNFRBQrGLfuye40YG7y.jpg)
തിരുവനന്തപുരം: മരംമുറി വിവാദം വിശദമായി ചര്‍ച്ച ചെയ്ത് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റവന്യൂ മന്ത്രി കെ രാജനെയും മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരനെയും വിളിച്ച് വരുത്തി. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം.
എം.എന്‍. സ്മാരകത്തിലാണ് കൂടിക്കാഴ്ച. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. മരംമുറി വിവാദത്തില്‍ പൂര്‍ണമായും വെട്ടിലായത് സിപിഐയാണ്. വനം, പരിസ്ഥിതി വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ.
കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ കൈകാര്യം ചെയ്ത റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവിന്റെ മറവിലുണ്ടായ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. വിഷയം കൂടുതൽ ചർച്ചയായതോടെ റവന്യൂ മന്ത്രിയെയും മുന്‍ മന്ത്രിയെയും കാനം വിളിച്ചുവരുത്തുകയായിരുന്നു. ബിനോയ് വിശ്വം എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്.
കർഷകതാല്പര്യം പരിഗണിച്ചിറക്കിയ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്‌തെന്നാണ് കെ. രാജന്‍ പറയുന്നത്. സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് കെ രാജന്‍ പറഞ്ഞു. ഉത്തരവ് ദുരുപയോഗത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരംമുറി ഉത്തരവിനായി എല്ലാ വിഭാഗങ്ങളുടെയും ആവശ്യം ഉണ്ടായി. സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.