എസ്എഫ്‌ഐ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എത്തിയ  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞു 

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 18, 2019

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞു. ബുധനാഴ്ച രാത്രി ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. വൈപ്പിന്‍ സര്‍ക്കാര്‍ കോളേജില്‍ ഇന്നലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ഈ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എഐഎസ്എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ കാണാനായി പി.രാജു രാത്രിയോടെ ഞാറക്കല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ആണ് സംഭവം.

പരിക്കേറ്റ എഐഎസ്എഫ് നേതാക്കളേയും ആശുപത്രിയിലെത്തിയ സിപിഐ നേതാക്കളേയും കണ്ട പി.രാജുവിന്‍റെ ഇടപെടലിന്‍റെ ഫലമായി പൊലീസ് മര്‍ദ്ദനമേറ്റവരില്‍ നിന്നും മൊഴി എടുത്തു. ഇതിനു ശേഷം പി.രാജു ആശുപത്രിയില്‍ നിന്നും മടങ്ങാനൊരുങ്ങുമ്പോള്‍ ആണ് അവിടെയുണ്ടായിരുന്ന ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്കുകളുപയോഗിച്ച് അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞത്.

ഇതോടെ പി.രാജുവും സിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു. വാക്കേറ്റം രൂക്ഷമായതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ചു സംസാരിച്ചെന്നും സിപിഐ ആരോപിക്കുന്നു. പിന്നീട് ഞാറക്കല്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇരുപക്ഷത്തേയും പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്.

തന്‍റെ വാഹനം തടഞ്ഞവരെ നീക്കാനോ സംഘര്‍ഷമുണ്ടാക്കിയവരെ ആശുപത്രിയില്‍ നിന്നും മാറ്റാനോ പൊലീസ് ശ്രമിച്ചില്ലെന്ന് പി.രാജു പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ എഐഎസ്എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. മര്‍ദ്ദമേറ്റ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് മെനക്കെട്ടില്ല.

×