തിരുവമ്പാടി: തിരുവമ്പാടിയിൽ ഹരിത കർമ്മസേനയുടെ നേത്യത്വത്തിൽ വീടുകളിലേയും, വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്ന പ്രവർത്തനം നല്ല നിലയിൽ നടന്നുവരികയായിരുന്നു. എന്നാൽ മാസങ്ങളായി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
ഇതിൻ്റെ ഫലമായി ഈ മഴക്കാലത്ത് വീടുകളിലേയും, വ്യാപാര സ്ഥാപനങ്ങളിലും കുന്നുകൂടികിടക്കുന്ന മാലിന്യങ്ങൾ ജീർണിച്ച് ഏതു നിമിഷവും സാംക്രമികരോഗങ്ങൾ പടർന്ന് പിടക്കാവുന്ന സാഹചര്യമാണ്.
കോവിഡിൻ്റെ തീവ്ര വ്യാപനത്തോടൊപ്പം സാംക്രമിക രോഗങ്ങൾ കൂടെപടർന്ന് പിടിച്ചാൽ സ്ഥിതി അതീവഗുരുതരമാകും. ഹരിതകർമ്മ സേനയെ ഉപയോഗിച്ച് കൊണ്ട് വീടുകളിലെ മാലിന്യം ശേഖരിക്കുന്ന പ്രവർത്തനവും അതോടൊപ്പം റോഡരികിൽ കൂട്ടി വച്ചിരിക്കുന്നതും, സൂപ്പർ എംആർഎഫിലെ ജീർണിച്ച മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജില്ല കളക്ടർക്ക് പരാതി നൽകിയതിൻ്റെ ഭാഗമായി അസിസ്റ്ററ്റ് കളക്ടർ അടക്കമുള്ള വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരും, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും തിരുവമ്പാടിയിൽ എത്തി ജൂൺ മാസത്തിൽ തന്നെ മാലിന്യങ്ങൾ പൂർണമായും മാറ്റും എന്ന് ഉറപ്പ് നൽകിയിട്ടുള്ളതാണ്.
ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും നാളിതുവരെ ആരംഭിക്കാത്തതിനാൽ സിപിഐ എം നേത്യത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൻ പ്രതിഷേധ സമരം നടത്തി. സമരം സിപിഐ എം ലോക്കൽ സെക്രട്ടറി സി ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഗീത വിനോദ്, പി ജെ ജിബിൻ, അബ്ബാസ്, സജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. വൽത്സൻ, പ്രജിഷ് എന്നിവർ നേതൃത്വം നൽകി.