കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചതിനു പിന്നാലെ ഐഎന്‍എല്ലിലുണ്ടായ സംഭവ വികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് സിപിഎം. തമ്മിലടിയും തര്‍ക്കവും പിളര്‍പ്പും ഉടന്‍ പരിഹരിക്കണമെന്ന് സിപിഎം ഐഎന്‍എല്ലിലെ ഇരുവിഭാഗത്തിനും നിര്‍ദേശം നല്‍കി. അതുവരെ ഇരുവിഭാഗത്തെയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം.
/sathyam/media/post_attachments/l5flW7623vyPYGbsmQKi.jpg)
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ മന്ത്രിയെ മാറ്റേണ്ട സ്ഥിതി സിപിഎം ആഗ്രഹിക്കുന്നില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റില്‍ ഐഎന്‍എല്‍ വിഷയം ചര്‍ച്ചയാകും. വഹാബ് പക്ഷത്തോടാണു സിപിഎമ്മിനു താത്പര്യമെങ്കിലും പാര്‍ട്ടി ജില്ലാഘടകങ്ങളുടെ റിപ്പോര്‍ട്ടും പരിഗണിച്ചാകും നടപടി.
ഇരുവിഭാഗത്തോടും തല്‍ക്കാലം സമദൂരം പാലിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാനാധ്യക്ഷന്‍ പിവി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങളും യഥാര്‍ഥ ഐഎന്‍എല്‍ എന്നാണ് അവകാശപ്പെടുന്നത്. പാര്‍ട്ടിയുടെ ഏക പ്രതിനിധിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ ഒരുവിഭാഗത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
അഖിലേന്ത്യാ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനഘടകത്തിലെ പിളര്‍പ്പില്‍ തനിക്കു പ്രത്യേകനിലപാടില്ലെന്നാണു മന്ത്രി അഹമ്മദ് ദേവര്‍കോവിന്റെ നിലപാട്. . എന്നാല്‍, പിളര്‍പ്പിനു മുമ്പ് അദ്ദേഹം കാസിം പക്ഷത്തായിരുന്നു. ഇതോടെ, അധികാരമുള്ള പക്ഷമെന്ന നിലയില്‍ ജില്ലാഘടകങ്ങളും കാസിമിനൊപ്പമാണ്.
അതിനിടെ അബ്ദുള്‍ വഹാബ് പക്ഷം ഓഗസ്റ്റ് മൂന്നിന് വിളിച്ചിട്ടുള്ള സംസ്ഥാന കൗണ്‍സില്‍ യോഗത്തിലേക്കു മന്ത്രിയേയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുത്തില്ലെങ്കില്‍ നടപടിയെടുക്കാനാണു നീക്കം. കാസിം പക്ഷക്കാരനാണെങ്കിലും മന്ത്രിയെ വഹാബ് പക്ഷം തള്ളിപ്പറഞ്ഞിട്ടില്ല. .