കൊച്ചിയില്‍ കെജെ മാക്‌സി തന്നെ ! ശര്‍മ്മ വൈപ്പിന്‍ വിട്ട് പറവൂരിലേക്ക് മാറാന്‍ സാധ്യത. കളമശ്ശേരിയില്‍ ചന്ദ്രന്‍പിള്ളയും രാജീവും പരിഗണനയില്‍. തൃപ്പൂണിത്തുറയില്‍ സ്വരാജും കോതമംഗലത്ത് ആന്റണി ജോണും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 2, 2021

കൊച്ചി: എറണാകുളത്ത് സിപിഎം മത്സരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി. എസ് ശര്‍മ ഒഴികെയുള്ള മൂന്ന് എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണത്തിന് പ്രാഥമികമായി തുടക്കമിട്ട് കഴിഞ്ഞു. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവരാണ് മത്സരിക്കുക.

വൈപ്പിനില്‍ ശര്‍മയെ കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം എംവി .ഷൈനി, ഡിവൈഎഫ്‌ഐ നേതാവ് പ്രണില്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കളമശേരിയില്‍ പി രാജീവും കെ ചന്ദ്രന്‍പിള്ളയുമാണ് പരിഗണനയിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും.

തൃക്കാക്കരയില്‍ നഗരസഭ കൗണ്‍സിലര്‍ ആര്‍ രതീഷിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സഭയുമായുള്ള അടുപ്പം രതീഷിന് തുണയാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

എറണാകുളം ജില്ലയില്‍ സീറ്റുകള്‍ ഉറപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ശക്തമായ പ്രവര്‍ത്തനമാണ് ഇതിനായി സിപിഎം നടത്തുന്നത്. പറവൂര്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ ശര്‍മയേയോ പി രാജീവിനെയോ ഇവിടെ മത്സരിപ്പിച്ചേക്കും.

പെരുമ്പാവൂരില്‍ എന്‍സി മോഹനന്റെ പേരാണ് പരിഗണനയിലുള്ളത്. അതിനിടെ ജോസ് കെ മാണി വിഭാഗത്തിന് ഈ സീറ്റ് നല്‍കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അങ്കമാലി സീറ്റ് ഏറ്റെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. പക്ഷേ തല്‍ക്കാലം ജെഡിഎസിനെ പിണക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

 

 

×