Advertisment

ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം; തരംതാണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കണം; ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവന; കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

New Update

publive-image

Advertisment

തിരുവനന്തപുരം : ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും. അന്വേഷണ ഏജൻസികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണെന്നും സിപിഎം പറഞ്ഞു.

ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കും.പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാനരഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും ചെയ്യുന്നത്.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്. അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പ്രസ്താവന പറയുന്നു.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായും വിജയരാഘവന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

Advertisment