എകെ ബാലന്‍ ഇക്കുറി മത്സരിക്കില്ല ! ബാലന് പകരം തരൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി. കോങ്ങാടും പുതിയ സ്ഥാനാര്‍ത്ഥി. മലമ്പുഴയില്‍ പരിഗണനയില്‍ എ വിജയരാഘവനും എംബി രാജേഷും. തൃത്താല പിടിക്കാന്‍ യുവ നേതാവ് വന്നേക്കും. എംബി രാജേഷോ, എം സ്വരാജോ വരണമെന്നു പ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, January 12, 2021

പാലക്കാട്: ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള നടപടികളുമായി സിപിഎം. ഇത്തവണ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനു പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് പാര്‍ട്ടി നേരിടുന്ന പ്രശ്‌നം. സീറ്റു കിട്ടാന്‍ പല മുതിര്‍ന്ന നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. എ വിജയരാഘവനെ പരിഗണിക്കാനാണ് സാധ്യത.

ജില്ലയില്‍ ഇത്തവണ നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് സിപിഎം സീറ്റ് നല്‍കിയേക്കില്ല. തരൂരില്‍ മന്ത്രി എകെ ബാലന് പകരം പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ശാന്തകുമാരിയെ മത്സരിപ്പിക്കാനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാട് മാറ്റം ഉണ്ടായേക്കും.

മണ്ഡലത്തില്‍ ഇവിടെ രണ്ട് തവണ മത്സരിച്ച് വിജയിച്ച കെവി വിജയദാസിന് പകരം മുന്‍ എംപിയും സംസ്ഥാന പട്ടിക ജാതി കമ്മീഷന്‍ അംഗവുമായ എസ് അജയകുമാറിനാണ് സാധ്യത.

ഡിവൈഎഫ്ഐ നേതാവ് നിതിന്‍ കണിച്ചേരിയെ പാലക്കാട്ട് മത്സരിപ്പിച്ചേക്കും. ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണിക്ക് പകരം ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍തീഷ്, കെ ജയദേവന്‍ എന്നിവരുടെ പേരുകള്‍ ഒറ്റപ്പാലത്ത് പരിഗണനയിലുണ്ട്.

വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എം സ്വരാജിന്റേയും എംബി രാജേഷിന്റെ പേര് ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചാര്‍ജാണ് എംബി രാജേഷിനുണ്ടായിരുന്നത്. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്വം എംബി രാജേഷിന് സിപിഎം നല്‍കുമോ എന്നത് കണ്ടറിയണം

×