തന്‍റെ കടം തീര്‍ക്കാന്‍ വിദേശത്തോ സ്വദേശത്തൊ പിരിവ് നടത്തരുതെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് സിആർ മഹേഷ് ! ബാങ്കിലെ കടം അടച്ചു തീർക്കും. വ്യക്തിപരമായ ബാധ്യത കുടുംബം തന്നെ അടച്ചു തീർക്കും. വിളിച്ചു വിവരമന്വേഷിച്ചരോട് സ്നേഹവും നന്ദിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വർഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും പലരും വേട്ടയാടിയത് ഓർമ്മിപ്പിച്ച് സിആർ മഹേഷ്

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, January 23, 2021

കൊല്ലം: തൻ്റെയും കുടുംബത്തിൻ്റെയും പേരിലുള്ള കടം തീർക്കാൻ ആരും പിരിവെടുക്കരുതെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിച്ച് സിആർ മഹേഷ്. താനും തൻ്റെ കുടുംബവും വരുത്തിവച്ച കടം ഉടൻ അടച്ചു തീർക്കുമെന്നും മഹേഷ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് മഹേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് തൻ്റെ കുടുംബത്തിൽ ഉണ്ടായിട്ടുള്ളത്. ഉള്ള സമ്പാദ്യം ബാങ്കിൽ വെച്ച് കാര്യങ്ങൾ നടത്താൻ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാൻ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്.

തങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നുവെന്നും മഹേഷ് വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് താൻ സൂക്ഷിച്ചിരുന്നത്. പക്ഷെ ഈ സന്ദർഭത്തിൽ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തത്.

വാർത്ത കണ്ട് നിരവധിപേർ വിളിച്ചെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മഹേഷ് പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ നടന്ന വ്യാജ പ്രചരണങ്ങളെ കുറിച്ചു പറഞ്ഞാണ് മഹേഷിൻ്റെ കുറിപ്പ്.

മഹേഷിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം:

പ്രിയപ്പെട്ടവരേ…
എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.

നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള സമ്പാദ്യം ബാങ്കിൽ വെച്ച് കാര്യങ്ങൾ നടത്താൻ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാൻ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു. പക്ഷെ സാധ്യമായില്ല. ഇത്തരം കാര്യങ്ങൾ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാൻ സൂക്ഷിച്ചിരുന്നത്. പക്ഷെ ഈ സന്ദർഭത്തിൽ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തു.

ഈ വാർത്ത ശ്രദ്ധയിൽപെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും.
എന്നാൽ ഈ പ്രശ്ന പരിഹാരത്തിന് ആരിൽനിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങൾ ഞാൻ പ്രതീക്കുന്നില്ല. വ്യക്‌തിപരമായ ഈ ബാധ്യത, എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്.

എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സിആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്. അതുകൊണ്ടു തന്നെ ഞാൻ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാൽ ഞങ്ങൾ അടച്ചു തീർക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്വം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.

ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാൻ ജീവിച്ചതും പൊതു പ്രവർത്തനം നടത്തിയതും. പൊതുപ്രവർത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും സ്നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാൻ വിശ്വസിക്കുന്ന പൊതുപ്രവർത്തനത്തിലെ മൂല്യങ്ങൾ ഒരിക്കലും കൈമോശം വരാതിരിക്കാൻ നിങ്ങളുടെ പിന്തുണയും ഇനിയുമുണ്ടാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും എന്നെ വർഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും – വ്യാജ പീഡന വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. അതവർ തുടരട്ടെ.

-സി.ആർ മഹേഷ്

https://www.facebook.com/100003033408353/posts/3421430497968030/

×