/sathyam/media/media_files/IRkLQgrTgp2DBQOxyzUL.jpg)
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ പോരാട്ടം. ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിച്ചെങ്കിലും ഇന്ത്യയോടേറ്റ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്താനാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂറ്റന്‍ വിജയം നേടി വിദൂര സെമി സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാന്‍ ഇറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.
ടൂര്‍ണമെന്റിലുടനീളം അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ച വെച്ചത്. റണ്‍മഴ പെയ്യിക്കുന്ന ബാറ്റിങ് വന്യതയുടെ കരുത്തില്‍ വമ്പന്മാർക്ക് വരെ മുട്ടുകുത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യയോട് 243 റണ്‍സിന് പരാജയപ്പെട്ടത് തെംബ ബാവുമയ്ക്കും സംഘത്തിനും തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ 12 പോയിന്റുമായി രണ്ടാമതാണ് ദക്ഷിണാഫ്രിക്ക.
ഓസ്‌ട്രേലിയക്കതിരായ കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് അഫ്ഗാന്‍റെ വരവ്. ഇരട്ടസെഞ്ച്വറി നേടി അത്ഭുതപ്പെടുത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ പേരുകേട്ട അഫ്ഗാന്‍ സ്പിന്നേഴ്‌സിന് അടിയറവ് പറയേണ്ടി വരികയായിരുന്നു. ഇതോടെയാണ് ലോകകപ്പിലെ സെമി സാധ്യതകള്‍ അഫ്ഗാന്റെ കൈപ്പിടിയില്‍ നിന്നും വളരെ അകലെയായത്. എട്ട് പോയിന്റുള്ള അഫ്ഗാന്‍ നിലവില്‍ ആറാം സ്ഥാനത്താണ്.