സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ്; പക്ഷേ, കരാര്‍ പട്ടികയിലുള്ള താരങ്ങള്‍ക്ക് 10 മാസമായി പ്രതിഫലം നല്‍കാതെ ബിസിസിഐ; റിപ്പോര്‍ട്ട് ഇങ്ങനെ

സ്പോര്‍ട്സ് ഡസ്ക്
Sunday, August 2, 2020

മുംബൈ: ലോകത്തെ സമ്പന്ന ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐ കരാര്‍ പട്ടികയിലുള്ള പല താരങ്ങള്‍ക്കും പത്ത് മാസമായി പ്രതിഫലം നല്‍കിയിട്ടില്ലെന്ന് ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബിസിസിഐയുമായി കരാറുള്ള 27 എലൈറ്റ് താരങ്ങൾക്കാണ് കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള പണം ലഭിക്കാനുള്ളത്. 2019 ഒക്ടോബറിലാണ് ബി.സി.സി.ഐ അവസാനമായി താരങ്ങൾക്ക് പ്രതിഫലം നൽകിയത്. നാല് തവണകളായാണ് താരങ്ങൾക്ക് ബോർഡ് പ്രതിഫലം നൽകുന്നത്.

ഇതോടൊപ്പം 2019 ഡിസംബർ മുതലുള്ള രണ്ട് ടെസ്റ്റുകൾ, ഒമ്പത് ഏകദിനങ്ങൾ, എട്ട് ട്വന്റി 20 എന്നിവയുടെ മാച്ച് ഫീയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രേഡ് അനുസരിച്ച് തരംതിരിച്ചാൽ ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് 99 കോടി രൂപ നൽകാനുണ്ടെന്നാണു വിവരം.

എ പ്ലസ് ഗ്രേഡിലുള്ള ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർക്ക് വർഷം ഏഴു കോടിയും എ ഗ്രേഡിലുള്ളവർക്ക് അഞ്ചു കോടിയും ബി ഗ്രേഡിലുള്ളവർക്ക് മൂന്നു കോടിയും സി ഗ്രേഡിലുള്ളവർക്ക് ഒരു കോടിയുമാണ് ബി.സി.സി.ഐ പ്രതിഫലം.

ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾക്കു യഥാക്രമം 15 ലക്ഷം, 6 ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെ മാച്ച് ഫീസും നൽകണം. 2018 മാർച്ചിൽ ബി.സി.സി.ഐ പുറത്തുവിട്ട കണക്കു പ്രകാരം ബോർഡിന് 5,526 കോടി രൂപയുടെ ബാങ്ക് ബാലൻസുണ്ട്. ഇതിൽ 2,992 കോടി സ്ഥിര നിക്ഷേപമാണ്. 2018 ഏപ്രിലിൽ ബി.സി.സി.ഐ, സ്റ്റാർ ടിവിയുമായി 6,138.1 കോടിയുടെ അഞ്ചു വർഷ കരാറിലും ഒപ്പിട്ടിട്ടുണ്ട്.

×