തൊടുപുഴ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയ എച്ച് ആര്‍ ഡി സിന്റെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന. എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണനും ജീവനക്കാരും ചേര്‍ന്ന് വ്യാജ രേഖകള്‍ ചമച്ച് ഇരുപത്തിയഞ്ച് കോടിയുടെ ക്രമക്കേടുകടുകള്‍ നടത്തിയതായി എച്ച് ആര്‍ ഡി എസ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് പരിശോധന.
എസ് കൃഷ്ണകുമാറിന്റെ പരാതിയില്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം. അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ ഓഫീസുകളിലും പാലായിലെ ഫ്‌ളാറ്റിലുമാണ് ഒരേ സമയം പരിശോധന നടത്തിയത്.
ചെക്കും രേഖകളും ദുരുപയോഗം ചെയ്ത് അജികൃഷ്ണനും മറ്റ് രണ്ട് ജീവനക്കാരും ചേര്‍ന്ന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി . സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിരവധി രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. യാതൊരു കണക്കുമില്ലാതെ കോടിക്കണക്കിന് രൂപയാണ് തിരിമറി നടത്തിയിരിക്കുന്നതെന്ന് കൃഷ്ണകുമാറിന്റെ പരാതിയില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ സി.എം.ദേവദാസന്‍, ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഞ്ചിടങ്ങളിലെയും പരിശോധന.അതേ സമയം സ്വപ്നക്ക് ജോലി നല്‍കിയത് മുതല്‍ എച്ച് ആര്‍ ഡി എസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെ്ന്ന് അജി കൃഷ്ണന്‍ ആരോപിച്ചു.