പിസി ജോര്‍ജിന് വേണ്ടി യുഡിഎഫ് നേതാക്കളെ വിളിച്ച മെത്രാന്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി സഭയിലെ യുവജനങ്ങള്‍ ! ജോര്‍ജിനു വേണ്ടി സംസാരിക്കുന്ന ബിഷപ്പുമാര്‍ പഴയതൊന്നും മറക്കരുതെന്ന് കെസിവൈഎം നേതാക്കള്‍. ജോര്‍ജിന് വേണ്ടി നടത്തുന്നത് അനാവശ്യ ഇടപെടല്‍. ബിഷപ്പ് ഫ്രാങ്കോയെ ന്യായീകരിച്ചിന്റെ പേരില്‍ ജോര്‍ജിന്റെ പഴയകാല ചെയ്തികളെ മറക്കാനാവില്ല ! ജോര്‍ജിന്റെ നിലപാടുകള്‍ സ്വന്തം നിലനില്‍പ്പിനു വേണ്ടി മാത്രമെന്നും കെസിവൈഎം നേതാക്കളുടെ വിമര്‍ശനം. ബിഷപ്പുമാര്‍ക്കെതിരായ വിമര്‍ശനം കെസിവൈഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ !

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 24, 2021

കൊച്ചി: പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിനായി മതമേലധ്യക്ഷന്‍മാര്‍ അനാവശ്യ തിടുക്കം കാണിക്കുന്നതായി സഭയിലെ യുവജന സംഘടനകളുടെ ആക്ഷേപം. പിസി ജോര്‍ജിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളോട് ശുപാര്‍ശ ചെയ്ത മെത്രാന്‍മാര്‍ക്കെതിരെയാണ് യുവജന സംഘടനയായ കെസിവൈഎമ്മിന്റെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ജോര്‍ജിന്ന് വേണ്ടി അനാവശ്യ ഇടപെടലാണ് പല മെത്രാന്‍മാരും നടത്തുന്നതെന്നും യുവജന നേതാക്കള്‍ പറയുന്നുണ്ട്. എക്കാലത്തും സഭാ വിരുദ്ധനായ ജോര്‍ജ് തന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ സഭാനുകൂലമായ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിന് അനുകൂലമായ നിലപാടാണ് പിസി ജോര്‍ജ് സ്വീകരിച്ചത്. കന്യാസ്ത്രീക്കെതിരെ ജോര്‍ജ് രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ബിഷപ്പുമാര്‍ ന്യായീകരിക്കുന്നതും ജോര്‍ജിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ജോര്‍ജ് നിന്നു എന്നത് പിസി ജോര്‍ജിന്റെ പഴയകാല ചെയ്തികള്‍ക്ക് ന്യായീകരണമല്ലെന്നാണ് പഴയകാല കെസിവൈഎം പ്രവര്‍ത്തകര്‍ പറയുന്നത്.

പഴയകാല കെസിവൈഎം പ്രവര്‍ത്തകരെ അധിക്ഷേപിച്ച ജോര്‍ജിനെ ന്യായീകരിക്കാനില്ലെന്നും കെസിവൈഎം പ്രവര്‍ത്തകര്‍ നിലപാടെടുക്കുന്നുണ്ട്. എന്തായാലും ജോര്‍ജിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ നടന്നു ശുപാര്‍ശ ചെയ്യുന്ന മെത്രാന്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

അതിനിടെ ജോര്‍ജ് ഇപ്പോള്‍ സ്വീകരിക്കുന്ന പല നിലപാടിലും ആത്മാര്‍ത്ഥതയില്ലെന്നു പറയുന്ന കെസിവൈഎം പ്രവര്‍ത്തകരും ഉണ്ട്. തനിക്ക് നിലനില്‍പ്പിനു വേണ്ടിയാണ് ജോര്‍ജ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നാണ് പരാതി.

 

 

×