വിമര്‍ശനത്തിന്‍റെ സൃഷ്ടിപരത

സത്യം ഡെസ്ക്
Tuesday, August 11, 2020

മറ്റുള്ളവരെ സഹായിക്കണമെന്ന സദുദ്ദേശത്താടെ, സ്‌നേപൂര്‍വ്വം തിരുത്തലുകളും ഉള്‍ക്കാഴ്ചകളും പങ്കുവയ്ക്കുമ്പോഴാണ് വിമര്‍ശനം സൃഷ്ടിപരമാകുന്നത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൗമ്യഭാവത്തോടെ വിഷയ ത്തെ സമീപിച്ച് നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വിമര്‍ശനം സൃഷ്ടിപരമാകും.

വിമര്‍ശനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം കൂടുതല്‍ നന്മ, പുരോഗതി, അഭിവൃദ്ധി, ദൂരക്കാഴ്ച എന്നിവയാകണം. നന്മ ഉണ്ടാകണമെന്ന ഉത്കൃഷ്ടദാഹത്തോടെയാകണം വിമര്‍ശനം. എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; ”വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്നു പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”. സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനം വഴി സാധിക്കും. വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുന്നത് നമുക്ക് നേര്‍വഴി തിരിച്ചറിയാന്‍ അവസരം നല്‍കും.

ഇന്നത്തെ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പല വിമര്‍ശനങ്ങളും സ്‌നേഹം വറ്റിയ ഹൃദയത്തില്‍ നിന്നാണ്. വളരെ ക്രൂരവും നാശോന്മുഖവുമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. വ്യക്തി യെയും പ്രസ്ഥാനത്തെയുമൊക്കെ ഇല്ലാതാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ, പ്രത്യേക അജണ്ടകള്‍ സെറ്റു ചെയ്ത്, സംഘടിതമായ ഗൂഢാലോചനകളുടെ പശ്ചാത്തലത്തില്‍ നടത്തുന്ന വിമര്‍ശനം ഒരിക്കലും ഗുണം ചെയ്യില്ല. അതു സൃഷ്ടിപരമല്ല,

നാശോന്മുഖമാണ്. അഭ്യൂഹങ്ങളുടെയും മുന്‍വിധികളുടെയും വ്യക്തിവിദേ്വഷത്തിന്റെയും അടിസ്ഥാനത്തില്‍ വിമര്‍ശനത്തിന് മുതിരരുത്. അസൂയയും ആത്മവിശ്വാസക്കുറവും വിമര്‍ശന വിത്താകരുത് . വേരുകള്‍ കുത്തി ഒലിച്ചു പോകുന്ന മലവെള്ളപ്പാച്ചില്‍ പോലെ വിമര്‍ശിക്കരുത്.

വ്യക്തിയുടെ ശ്രേഷ്ഠതയെ മുറിപ്പെടുത്താതെ, പ്രവൃത്തിയിലെ പാളിച്ചകള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. വിമര്‍ശനം വ്യക്തിയുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കരുത്. ”കൊല്ലണം, കൊന്നു തിന്നണം” എന്ന മനോഭാവത്തോടെ വിമര്‍ശിക്കുന്നവര്‍ ദുഷ്ടലാക്കുള്ളവരും സമനില തെറ്റിയവരും മറ്റുള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന മനോവൈകല്യത്തിന് ഉടമകളുമാണ്. ഒരുതരത്തില്‍ പ്രതികാരദാഹികളാണിവര്‍. പ്രതികാരം ചെയ്യുന്നതിന്‍റെ നശിപ്പിക്കുന്നതിന്‍റെ ആനന്ദം അനുഭവിക്കുന്ന ഇക്കൂട്ടര്‍ മനോചികിത്സയ്ക്ക് വിധേയരാകണം. ഇല്ലെങ്കില്‍ അവര്‍ക്കും സമൂഹ ത്തിനും ഈ സമീപനം
വിനയാകും.

ഒന്നും ചെയ്യാനില്ലാത്തവരുടെ തുറുപ്പുചീട്ടാണ് സ്ഥിരവിമര്‍ശനം. തന്ത്രങ്ങളേക്കാളേറെ കുതന്ത്രങ്ങളുമായി ഇവര്‍ ഇവരുടെ സാന്നിദ്ധ്യം നിരന്തരം അറിയിച്ചുകൊണ്ടിരിക്കും. തങ്ങളുടെ ഗുഢലക്ഷ്യം വിജയിപ്പിക്കുന്നതിനു വേണ്ടി ഏതറ്റംവരെ പോകാനും ഇവര്‍ ശ്രമിക്കും. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കും. തെളിവുകള്‍ സൃഷ്ടിക്കും. നശിപ്പിക്കാന്‍ നില്‍ക്കുന്ന മറ്റു ശക്തികളോടും ഇവര്‍ സംഘം ചേരും. നിരന്തരം ഗുഢപ്രവര്‍ത്തികള്‍ ചെയ്യാന്‍ ഒരു സംഘത്തെ തന്നെ നിയോഗിക്കും.

കാടടച്ചുവെടിവയ്ക്കുന്ന ഇക്കൂട്ടര്‍ ആദര്‍ശത്തിന്റെ മേലങ്കിയണിഞ്ഞാണ് പോരാട്ടം നടത്തുക. നീതി, നീതി
എന്നു നിരന്തരം പറയും. ആട്ടിന്‍ തോലണിഞ്ഞ ഇത്തരം വിമര്‍ശകര്‍ അവസാനം പരസ്പരവിശ്വാസം നഷ്ടപ്പെട്ട് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യും. പല പ്രസ്ഥാനങ്ങളും തകര്‍ന്നത് പുറത്തുനിന്നുള്ളവരുടെ വിമര്‍ശനത്തേക്കാള്‍ അകത്തുള്ളവരുടെ നാശോന്മുഖ പോരാട്ടങ്ങള്‍ കൊണ്ടാണ്. ഫലമുള്ള വൃക്ഷത്തിലേ കല്ലേറുണ്ടാകൂ എന്ന മട്ടില്‍ വിമര്‍ശനത്തെയും വിമര്‍ശകരെയും പൂര്‍ണ്ണമായി തള്ളിക്കളയരുത്.

പലപ്പോഴും സ്തുതിപാഠകരെക്കാള്‍ ഗുണം ചെയ്യുന്നത് സൃഷ്ടിപര വിമര്‍ശകരാണ്. ”കാക്കവായിലും പൊന്നിരിക്കും” എന്ന നാടന്‍ ചൊല്ല് ആരുടെയും അഭിപ്രായത്തെ അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്നും കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് കഴിയണമെന്നും നമ്മെ പഠിപ്പിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വേദന നമുക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷെ എന്തോ തകരാറ് ശരീരത്തിലുണ്ടെന്ന് നമ്മെ അറിയിക്കുകയാണ് വേദന. വിമര്‍ശനത്തെ ഇത്തരം വേദനയെപ്പോലെയാണ് കാണേണ്ടതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നു.

നമ്മിലുള്ള സാത്വിക ഭാവത്തെ ഉണര്‍ത്താനും പ്രകടിപ്പിക്കാനും ഈശ്വരന്‍ തരുന്ന സുവര്‍ണ്ണാവസരങ്ങളാണ് നമുക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. സ്‌നേഹം, ക്ഷമ, വിനയം, നിസ്വാര്‍ത്ഥത, പ്രതിപക്ഷ ബഹുമാനം മുതലായ സുകൃതങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരമായി വിമര്‍ശനത്തെ കാണുക.നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുവാന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

മറ്റുള്ളവരുടെ വീക്ഷണമാണ് വിമര്‍ശനമായി പുറത്തു വരുന്നത്. വിമര്‍ശകന്റെ വിലയിരുത്തല്‍ ചിലപ്പോള്‍
ശരിയായെന്ന് വരാം. നാം കാണാത്ത അര്‍ത്ഥതലങ്ങള്‍ വിമര്‍ശകന്‍ കണ്ടെത്തിയെന്നു വരാം. വിമര്‍ശകനെ ശത്രുവായി കാണാതെ മിത്രമായി ഗണിക്കുമ്പോള്‍ നമ്മുടെ പ്രതികരണത്തിന് മാറ്റമുണ്ടാകും. നമ്മുടെ വീക്ഷണവും നിലപാടും തിരുത്തപ്പെടേണ്ടതാണെങ്കില്‍ വിമര്‍ശകന്റേത് സേവനമാണ്; സൃഷ്ടിപരമായ കാഴ്ചപ്പാടാണ്. വിമര്‍ശകരെ കേള്‍ക്കണം. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുകയും തിരുത്തുകയും വേണം. അതാണ് മാന്യത. നമുക്ക് വിമര്‍ശകരുള്ളപ്പോഴാണ് നമ്മുടെ വിജയസാധ്യത വര്‍ദ്ധിക്കുന്നത്. വിമര്‍ശനത്തിന്റെ സൃഷ്ടിപരത ഉള്‍ക്കൊള്ളുക.

അഡ്വ ചാര്‍ളി പോള്‍

×