/sathyam/media/media_files/2025/12/06/asthithvam-short-story-hassan-thikody-2025-12-06-12-57-48.jpg)
തുരുമ്പിച്ച ഗെയ്റ്റ് തുറന്ന് അപരിചിതനായ ഒരാൾ മുറ്റത്തേക്കെത്തിയപ്പോൾ ഉസ്മാനിക്ക ഉറക്കെ വിളിച്ചു. “പാത്തൂട്ടി…ഇതാ..ആരൊ വരുന്നുണ്ട്…”
തലേദിവസം രാത്രി കഴിച്ച പാത്രങ്ങൾ കഴുകികൊണ്ടിരുന്ന അയാളുടെ ഭാര്യ കോലായിലെ ബഹളം കേട്ട് തലയിലെ തട്ടം ഒന്നുകൂടി വലിച്ചുകെട്ടികൊണ്ട് പാതിചാരിയ വാതിലിലൂടെ മുറ്റത്തേക്ക് നോക്കി ചോദിച്ചു.
“ആരാ?..”
കറുത്ത പാന്റും നീല ഷർട്ടുമിട്ട അയാൾ തെല്ല് ദേഷ്യത്തോടെ പറഞ്ഞു:
”ങ്ങാ…ഞാൻ നിങ്ങളുടെ വോട്ടു കടലാസ് തരാൻ വന്ന ഓഫീസറാ”
തോളിൽ തൂക്കിയ തുണിസഞ്ചിയിൽ നിന്നും ഒരു കേട്ട് കടലാസുകൾ ഉമ്മറക്കോലായിൽ വെക്കുന്നതിനിടെ അയാളുടെ കഴുത്തിൽ തൂക്കിയ പ്ലാസ്റ്റിക് ടാഗ് വലിച്ചു കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു:
“ഇവിടെ ആരൊക്കെ ഉണ്ട്….”
പാത്തൂട്ടിക്ക് ഒന്നും മനസ്സിലായില്ല. ഇങ്ങനെ ചില ഓഫീസർമാർ വരുമെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടിരുന്നു. ഒരു പക്ഷെ, ഇയാൾ തന്നെയായിരിക്കും ആ ഓഫീസർ. പാത്തൂട്ടി ഉറച്ച ശബ്‌ദത്തിൽ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു:
“ഇവിടെ ഞാനും ഈ ഇരിക്കുന്ന എന്റെ കെട്ടിയോനും മാത്രം..”
“അപ്പോൾ നിങ്ങളുടെ മക്കൾ?” അയാൾ ഗൗരവത്തിൽ തുടർന്നു… “നിങ്ങളുടെ ഉമ്മയും ബാപ്പയും…”
പാത്തൂട്ടി വാതിലിന്റെ മറ്റേ പാതിയും തുറന്ന് കോലായിലേക്കിറങ്ങികൊണ്ട് പറഞ്ഞു.
“ബാപ്പയും ഉമ്മയും മരിച്ചിട്ട് പത്തുപതിനഞ്ചു കൊല്ലായി…..മക്കളാണെങ്കിൽ അന്യനാട്ടിലാ….”
അയാൾ കടലാസിന്റെ വലിയ കെട്ടഴിച്ചു. അതിൽ നിന്നും രണ്ട് പേപ്പർ പാത്തൂട്ടിയുടെ കയ്യിൽകൊടുത്തു. പേപ്പറിൽ എഴുതിയത് വായിക്കാൻ തുടങ്ങും മുമ്പേ അയാൾ പറഞ്ഞു:
“നിങ്ങളുടെ വോട്ടിന്റെ കടലാസാണിത്, ഇത് പൂരിപ്പിച്ചു മടക്കിത്തരണം….ഞാൻ അടുത്ത ആഴ്ച വരും….”
മറ്റെന്തോ ചോദിക്കാൻ തുടങ്ങും മുമ്പേ അയാൾ ഗെയ്റ്റിലേക്ക് നടന്നു നീങ്ങി.
കോലായിലെ പഴയ ചാരുകസേരയിൽ കാലുനീട്ടിയിരിക്കുന്ന ഉസ്മാനിക്കയെ നോക്കി ആരോടെന്നില്ലാതെ അവൾ പറഞ്ഞു:
“ഇമ്മക്ക് രണ്ടാൾക്കും ഇനിയിപ്പോ എന്തിനാ ഒരു വോട്ട്…ഇനി എത്രകാലം…..” നൈരാശ്യ ധ്വനിയോടെ അവൾ പിറുപിറുത്തു.
സർക്കാർ നോട്ടീസിൽ അവിശ്വാസത്തോടെ നോക്കുമ്പോൾ ഉസ്മാനിക്കയുടെ കണ്ണുകൾ വിടർന്നു. ഗൾഫിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ 40 വർഷം കഠിനാധ്വാനം ചെയ്തു നാട്ടിലെത്തിയതാണ്.
കുടുംബത്തെ പോറ്റാൻ പല ജോലികളും ചെയ്തു. തന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി തന്റെ യൗവനവും ആരോഗ്യവും സന്തോഷവും ത്യജിച്ചു. ഇപ്പോൾ, 68 വയസ്സുള്ളപ്പോൾ, ശേഷിച്ച നാളുകൾ സമാധാനത്തോടെ ജീവിക്കാനാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
ഉസ്മാനിക്ക നിർന്നിമേഷനായി പാത്തൂട്ടിയെയും കയ്യിലെ കളടലാസിലേക്കും മാറിമാറി നോക്കി മെല്ലെ ആരോടെന്നില്ലാതെ പറഞ്ഞു.
“പണ്ടൊരിക്കൽ നാട്ടിൽ വന്നപ്പോൾ നോട്ട് മാറാനായി ബാങ്കിൽ ക്യൂ നിന്ന അവസ്ഥ നീ ഓർക്കുന്നുണ്ടോപാത്തൂട്ടി….സർക്കാർ ഓരോന്ന് പറയും അതൊക്കെ നമ്മൾ അനുസരിക്കും…”
“ങാ….എനിക്കോർമ്മയുണ്ട്…പൊരിവെയിലത്ത് ഒരു കുടയും ചൂടി നമ്മൾ രണ്ടുപേരും നിന്നത് ഏഴു മണിക്കൂറല്ലേ…അന്ന് കുടിക്കാൻ ഒരു തുള്ളി വെള്ളം തരാൻ പോലും ആരും ഉണ്ടായിരുന്നില്ല…”
രണ്ടുപേരും കയ്യിലെ കടലാസിലേക്ക് നോക്കിയിരിക്കെ കുറച്ചുമുമ്പ് ഇറങ്ങിപ്പോയ ഓഫീസർ വീണ്ടും കയറിവന്നുകൊണ്ട് സാവകാശത്തിൽ അവരോടായി പറഞ്ഞു.
“ഇത് നിങ്ങളുടെ ഫോമല്ല….മാറിപ്പോയതാണ്….” പാത്തൂട്ടി ഫോം തിരികെ കൊടുത്തപ്പോൾ അയാൾ പറഞ്ഞു:
“നിങ്ങളുടെ കടലാസ് ഇതിൽ ഇല്ലാത്തതിനാൽ നിങ്ങളുടെ വോട്ടർ പദവി വ്യക്തമാക്കാൻ പ്രാദേശിക ഓഫീസിൽ വരേണ്ടിവരും… "2002 ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരില്ല,"
ഓഫീസർ പറഞ്ഞുതുടങ്ങി. "നിങ്ങൾ 1987 ന് മുമ്പ് ജനിച്ചവരാണ്, നിങ്ങളുടെ മാതാപിതാക്കളുടെ പേരുകളും ഞങ്ങളുടെ രേഖകളിൽ ഇല്ല."
ഉസ്മാനിക്കയുടെ തല കറങ്ങാൻ തുടങ്ങി. അദ്ദേഹം എപ്പോഴും തന്നെത്തന്നെ അഭിമാനിയായ ഒരു ഇന്ത്യൻ പൗരനായി കണക്കാക്കിയിരുന്നു, പക്ഷേ ഇപ്പോൾ സ്വന്തം നാട്ടിൽ ഒരു അപരിചിതനെപ്പോലെ തോന്നി.
തന്റെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്വപ്നങ്ങളുടെയും ഓർമ്മകൾ ഒന്നിനും കൊള്ളാത്തതായി തോന്നി.
നാല്പത്തഞ്ചു വർഷമായി സർക്കാർതന്ന ഇന്ത്യൻ പാസ്സ്പോർട്ടുമായി യാത്ര ചെയ്യാൻ തുടങ്ങിയിട്ട്, എന്നിട്ടിപ്പോൾ താൻ ഇന്ത്യക്കാരനല്ലാതാവുമോ ? അയാളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉരുവിട്ടു.
സ്വന്തം വീട്ടിലെ ചാരുകസേരയിൽ ഇരിക്കുബോൾ നിസ്സഹായത തോന്നി. ഇനി എന്ത് സംഭവിക്കും ? സ്വന്തം നാട്ടിലെ ഒരു രണ്ടാം പൗരനായി മാറുമോ ? അതോ തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കപ്പെടുമോ ? ആ ചിന്ത അയാളുടെ നട്ടെല്ലിൽ ഒരു വിറയൽ ഉളവാക്കി.
പാത്തൂട്ടി അയാളുടെ അരികിൽ ഇരുന്നു. ആശ്വാസവും പിന്തുണയും നൽകാൻ ശ്രമിച്ചുനോക്കി. പക്ഷേ ഉസ്മാനിക്കയുടെ കണ്ണുകളിൽ ഭയം തളം കെട്ടിക്കിടന്നു. അയാളുടെ ബാപ്പ രാജ്യത്തിന് ജീവൻ നൽകിയ ഒരു സ്വാതന്ത്യ സമര സേനാനിയായിരുന്നു.
പക്ഷെ മരിച്ചുപോയി. ഇപ്പോൾ അയാളുടെ മകൻ പുറത്താക്കപ്പെട്ടവനെപ്പോലെയാണ് പരിഗണിക്കുന്നത്. എന്തൊരനീതിയാണിത്.
ദിവസങ്ങൾ ആഴ്ചകളായി മാറി, ഉസ്മാനിക്കയുടെ ഉത്കണ്ഠ വർദ്ധിച്ചു. പൗരത്വം നഷ്ടപ്പെട്ട് അനിശ്ചിതത്വത്തിൽ കഴിയുന്ന തന്നെപ്പോലുള്ള ആളുകളുടെ കഥകൾ അദ്ദേഹം കേട്ടിരുന്നു.
ആസാമിലും ബിഹാറിലും ഒരു പാട് പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്തായ വാർത്തകൾ അയാൾ വായിച്ചിരുന്നു.
തന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടാവാനും തന്റെ വ്യക്തിത്വം തെളിയിക്കാനും ഒരു പൗരനെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ വീണ്ടെടുക്കാനും തനിക്ക് എപ്പോഴെങ്കിലും കഴിയുമോ എന്ന് അദ്ദേഹം ചിന്തിച്ചു.
മറ്റൊരു ദിവസം സൂര്യൻ അസ്തമിക്കുമ്പോൾ, ഉസ്മാനിക്ക നക്ഷത്രങ്ങളെ നോക്കി മനസ്സിൽ മന്ത്രിച്ചു. നീതിക്കും, കരുണയ്ക്കും താൻ സ്നേഹിച്ച രാജ്യത്ത് താൻ സ്നേഹിച്ച കുടുംബത്തോടൊപ്പം തന്റെ ശേഷിച്ച ദിവസങ്ങൾ ജീവിക്കാനുള്ള അവസരത്തിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.
പടച്ചവൻ ഒരു വഴി കാട്ടിത്തരും, പക്ഷേ ഇപ്പോൾ ഉസ്മാനിക്കക്ക് കാത്തിരിക്കാനേ കഴിഞ്ഞുള്ളൂ, ആരെങ്കിലും തന്റെ സങ്കടം കേൾക്കുമോ അതോ തന്റെ ശബ്ദം നേർത്തില്ലാതാവുമോ ? തന്റെ അസ്ഥിത്വം തന്നെ ഈ ഭൂമികയിൽ ഇല്ലാതാവുമോ ?
-ഹസ്സൻ തിക്കോടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us