കുവൈറ്റില്‍ മുഴുവന്‍സമയ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സാധ്യത; ആവശ്യമായ നടപടികളെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 9, 2020

കുവൈറ്റ് സിറ്റി: രാജ്യത്ത് മുഴുവന്‍ സമയ കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ രാജ്യത്ത് മുഴുവന്‍സമയ കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള സാധ്യതയും ശക്തമായി. നിലവില്‍ വൈകുന്നേരം 5 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ജലീബ്, മഹബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെ കുവൈറ്റ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി വക്താവ് താരിഖ് അല്‍ മെസ്രെം പറഞ്ഞു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രായോഗിക തടസങ്ങള്‍ നീക്കുന്നതിനും കര്‍ഫ്യൂ നടപ്പിലാക്കുന്നതിനും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കാന്‍ അധികൃതരെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് താരിഖ് അല്‍ മെസ്രെം ഇക്കാര്യം പറഞ്ഞത്. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ചുമതലപ്പെടുത്താന്‍ ഈ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.

സര്‍ക്കാരുമായി കരാറുള്ള വിവിധ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനും അവരുടെ മികച്ച രീതിയിലുള്ള താമസം ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയതായും ഇദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും.

×