ബാങ്ക് തട്ടിപ്പ് കേസ്‌: ശരദ് പവാറിന്റെ സഹായിയുടെ 315 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ജല്‍ഗാവ്, മുംബൈ, താനെ, മഹാരാഷ്ട്രയിലെ സില്ലോഡ്, ഗുജറാത്തിലെ കച്ച് എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ 70 ഓളം സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്

New Update
ishwar lal

മുംബൈ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ഈശ്വര്‍ലാല്‍ ജെയിനുമായി ബന്ധപ്പെട്ട 315 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍ക്കാലികമായി കണ്ടുകെട്ടി . എന്‍സിപിയുടെ മുന്‍ ട്രഷറര്‍ കൂടിയായ ഈശ്വര്‍ലാല്‍ ജെയിന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ അടുത്ത അനുയായിയെന്നാണ് അറിയപ്പെടുന്നത്. 

Advertisment

ജല്‍ഗാവ്, മുംബൈ, താനെ, മഹാരാഷ്ട്രയിലെ സില്ലോഡ്, ഗുജറാത്തിലെ കച്ച് എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ 70 ഓളം സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. വെള്ളി, ഡയമണ്ട് ആഭരണങ്ങളും കറന്‍സിയും ഉള്‍പ്പെടെ 315.60 കോടി രൂപയുടെ  മുതലുകളാണ് അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. ഈശ്വര്‍ലാല്‍ ജെയിനും, മകന്‍ മനീഷ് ജെയിനും മറ്റുള്ളവരും സമ്പാദിച്ച ബിനാമി സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

 ഈശ്വര്‍ലാല്‍ ജെയിന്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ള ജ്വല്ലറി കമ്പനികള്‍ക്കെതിരെ 2022-ല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത ബാങ്ക് തട്ടിപ്പ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ജെയ്നെതിരെ ഇഡി കേസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജെയ്നും മറ്റ് ജ്വല്ലറി കമ്പനികളുടെ പ്രൊമോട്ടര്‍മാരും ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.  

നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ഇവര്‍ പണം തട്ടിയതെന്നാണ് ഇഡി പറയുന്നത്. കേസുമായി ബന്ധപ്പെട്ട ഈശ്വര്‍ലാല്‍ ജെയിന്‍ ഉള്‍പ്പെടുന്ന ബിസിനസ് ഗ്രൂപ്പിന്റെ 13 ഔദ്യോഗിക സ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും ഏജന്‍സി തിരച്ചില്‍ നടത്തിയിരുന്നു. ഇതില്‍ റെയ്ഡില്‍ നിരവധി സാമ്പത്തിക ക്രമക്കേടുകളും  കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

mumbai sarath pawar
Advertisment