/sathyam/media/media_files/fo7W4f6XeUPgeNdx2KAL.jpg)
ബിഎസ്‌പി അംഗം ഡാനിഷ് അലിയ്‌ക്കെതിരായ ബിജെപി എംപിയുടെ മുസ്ലീം വിരുദ്ധ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ലോക്‌സഭയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിന് ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. കത്തിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ചൗധരി ബിധുരിക്കെതിരെ നടപടിയെടുക്കാൻ സ്‌പീക്കറോട് അഭ്യർത്ഥിക്കേണ്ട കടമ തനിക്കുണ്ടെന്ന് വ്യക്തമാക്കി.
"പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പാർലമെന്റ് അംഗത്തിനെതിരെ ഇത്തരം വാക്കുകൾ ആരും ഉപയോഗിച്ചിട്ടില്ല, അതും ബഹുമാനപ്പെട്ട സ്‌പീക്കറുടെ സാന്നിധ്യത്തിൽ. നിങ്ങൾ രമേഷ് ബിധുരിയെ താക്കീത് ചെയ്യുകയും, പ്രസ്‌താവന രേഖകളിൽ നീക്കുകയും ചെയ്തെങ്കിലും ഡാനിഷ് അലിക്കെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകളും, പ്രസ്‌താവനയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്" കത്തിൽ പറയുന്നു.
"സഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനം കണക്കിലെടുത്ത്, പ്രിവിലേജസ് കമ്മിറ്റി വിഷയം വിശദമായി പരിശോധിച്ച് തെറ്റ് ചെയ്‌ത അംഗമായ രമേഷ് ബിധുരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതാവും ഉചിതം." കത്ത് കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ലോക്‌സഭയിൽ ബിഎസ്‌പി നേതാവ് ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി ആക്ഷേപകരമായ പരാമർശം നടത്തിയത്. സൗത്ത് ഡൽഹിയെ പ്രതിനിധീകരിക്കുന്ന ബിധുരിയുടെ പരാമർശങ്ങൾ പിന്നീട് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്‌തിരുന്നു.
എന്നാൽ, സംഭവത്തിന് ശേഷം ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെള്ളിയാഴ്‌ച ബിധുരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us