മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ കീഴിൽ അഴിമതി നടന്നതായി ആരോപിച്ച് ഗവർണർ രമേഷ് ബെയ്‌സിന് കത്തയച്ച് ശിവസേന (യുബിടി) നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അഴിമതിയിൽ ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. അഴിമതിയുടെ പേരിൽ സംസ്ഥാനത്തിനുണ്ടായത് വലിയ നഷ്ടമാണെന്നും രമേഷ് ബെയ്‌സിന് വെള്ളിയാഴ്ച അയച്ച കത്തിൽ ആദിത്യ താക്കറെ ആരോപിച്ചു.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനാണ് ആദിത്യ താക്കറെ. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബിഎംസി) ഉൾപ്പെടെയുള്ള നഗരങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ആദിത്യ താക്കറെ കത്തിൽ വിശദീകരിച്ചു. ഏകനാഥ് ഷിൻഡെ തന്റെ നിയന്ത്രണത്തിലുള്ള നഗരവികസന വകുപ്പിന്റെ പ്രധാന ജോലി അവഗണിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈ മെട്രോ, വോർളിയിലെ ഡെലിസ്ലെ റോഡ് ബ്രിഡ്ജ്, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പ്രോജക്റ്റ് തുടങ്ങിയ കാലതാമസം നേരിടുന്ന പദ്ധതികളിലും ഏകനാഥ് ഷിൻഡെയെ ആദിത്യ താക്കറെ കുറ്റപ്പെടുത്തി. അതിനിടെ, അനുമതിയില്ലാതെ പാലത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തെന്നാരോപിച്ച് ആദിത്യ താക്കറെയ്‌ക്കെതിരെ കേസെടുത്തിരുന്നു. വ്യാഴാഴ്ച രാത്രി ഔദ്യോഗിക അനുമതിയില്ലാതെ ലോവർ പരേലിലെ ഡെലിസ്ലെ പാലത്തിന്റെ രണ്ടാമത്തെ കാരിയേജ് വേ തുറന്നുവെന്ന ബിഎംസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.