ചെന്നൈ; വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ പുതിയ സഖ്യം രൂപീകരിക്കുമെന്ന് എഐഎഡിഎംകെ. ബിജെപിയുമായി ഇനി സഖ്യമുണ്ടാകില്ലെന്നും പാര്‍ട്ടി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും പറഞ്ഞതിന് വിരുദ്ധമായാണ് എഐഎഡിഎംകെയുടെ പ്രസ്താവന.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ പുറത്താക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി അറിയിച്ചു. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കെപി മുനുസാമിയാണ് കൃഷ്ണഗിരിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
'എഐഎഡിഎംകെ പോലുള്ള വലിയ പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ ശ്രമിച്ചോയെന്ന് ചോദിക്കുന്നത് പോലും ബാലിശമാണ്. ഞങ്ങള്‍ ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യില്ല. മറ്റൊരു പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ ഞങ്ങള്‍ അപരിഷ്‌കൃതരായ നേതാക്കളല്ല. എഐഎഡിഎംകെ അത്തരത്തിലുള്ള ഒരു പാര്‍ട്ടിയല്ല', മുനുസാമി കൂട്ടിച്ചേര്‍ത്തു.