വികലാംഗൻ എന്ന പരാമർശം ഇ പി ജയരാജൻ പിൻവലിക്കണം; പുറത്തുവന്നത് സിപിഐഎമ്മിന്റെ പൊതുമനോഭാവം: അജിമോൻ

തന്നെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നില്ല. ഭിന്നശേഷി കമ്മീഷണറും കേസില്‍ ഇടപെട്ടിട്ടില്ല.

author-image
shafeek cm
New Update
ajimon ep.jpg

ആലപ്പുഴ: നവകേരള ബസ്സിന് നേരെ പ്രതിഷേധിച്ച് മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിമര്‍ശനം. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ മണ്ടല്ലൂര്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. വികലാംഗന്‍ എന്ന പരാമര്‍ശം ഇ പി ജയരാജന്‍ പിന്‍വലിക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ വികലാംഗന്‍ എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അജിമോന്‍ പറഞ്ഞു. അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അജിമോന്‍ ആവശ്യപ്പെട്ടു.

Advertisment

ഇ പിയുടെ വാക്കുകളിലൂടെ പുറത്തുവന്നത് സിപിഐഎമ്മിന്റെ പൊതുമനോഭാവമാണെന്നും അജിമോന്‍ വിമര്‍ശിച്ചു. തന്നെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നില്ല. ഭിന്നശേഷി കമ്മീഷണറും കേസില്‍ ഇടപെട്ടിട്ടില്ല. ഇതിനെല്ലാം പിന്നില്‍ സിപിഐഎമ്മിന്റെ സമ്മര്‍ദ്ദമാണെന്നും അജിമോന്‍ പറഞ്ഞു.

ഭിന്നശേഷിക്കാരന്റെ പണിയാണോ പ്രതിഷേധമെന്നും വികലാംഗന്‍ എന്തിനാണ് കറുത്ത കൊടിയും പിടിച്ച് നടക്കുന്നതെന്നുമായിരുന്നു ഇ പി ജയരാജന്റെ പരിഹാസം. അജിമോന്റെ നേതൃത്വത്തില്‍ കായംകുളത്ത് നടന്ന പ്രതിഷേധത്തെ നേരിട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടയാണ് ഇ പി യുടെ പരാമര്‍ശം. അജിമോനെ മര്‍ദ്ദിച്ചവരെ ന്യായീകരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ സംഭവത്തെക്കുറിച്ച് പരിഹാസത്തോടെയാണ് വിശദീകരിച്ചത്.

കായംകുളത്തെ യോഗം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്നതിനിടെയാണ് അജിമോന്‍ കരിങ്കൊടി കാട്ടിയത്. അജിമോനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചവിട്ടുന്ന ദൃശ്യവും പൊലീസ് അജിമോനെ എടുത്ത് റോഡില്‍ നിന്ന് മാറ്റുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഭരണിക്കാവ് സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

latest news ep jayarajan
Advertisment