പാലക്കാട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന്‍ പണം സ്വീകരിച്ചത് മാസപ്പടി എന്ന് പറയാന്‍ തലയില്‍ വെളിച്ചമുള്ള ഒരാള്‍ക്കും കഴിയില്ലെന്ന് സിപി ഐഎം നേതാവ് എ കെ ബാലന്‍. നിയമപരമായി ഉള്ള കരാറില്‍ അടച്ച തുക മാസപ്പടി അല്ല. ഈ മലക്കം മറിച്ചില്‍ കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്യു കുഴല്‍നാടന് ആവശ്യമെങ്കില്‍ കോടതിയില്‍ പോകാം. കുഴല്‍നാടന്‍ ഓരോ ദിവസവും കള്ള പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. വീണിടം വിദ്യയാക്കരുത്. ഇത് കേരള ജനത കാണുന്നുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വീണ വിജയന്‍ ജിഎസ്ടി അടച്ചുവെന്ന് വ്യക്തമാക്കിയ ധനവകുപ്പ് എന്നാല്‍ കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയും ധനവകുപ്പും മാപ്പ് പറയണം. ധനവകുപ്പിന്റേത് കത്തല്ല, കാപ്‌സ്യൂള്‍ ആണെന്നും കുഴല്‍നാടന്‍ പറഞ്ഞു.