/sathyam/media/media_files/4EwiMuWkhAQN2tBR8wuW.jpg)
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ചാണ്ടി ഉമ്മനെ അഭിനന്ദിച്ച അഖിൽ മാരാർ, അദ്ദേഹം ജയിക്കാനുള്ള മൂന്ന് കാരണങ്ങളും വിശദീകരിച്ചു. 'അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ..കൂട്ടത്തിൽ ഓരോർമപെടുത്തൽ കൂടി'' എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സന്ദേശമാണ് അഖിൽ മാരാർ പങ്കുവച്ചത്.
ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാന കാരണം ഉമ്മൻചാണ്ടിയുടെ പൊതുപ്രവർത്തനങ്ങളിലെ നന്മയാണ്. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ പറയുന്നു. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഇടതുപക്ഷ അനുഭാവികൾ പോലും മനസ്സറിഞ്ഞ് പശ്ചാത്തപിച്ച് ചാണ്ടി ഉമ്മന് പിന്തുണ നൽകിയിട്ടുണ്ടെന്നും അഖിൽ പറഞ്ഞു.
അഖിലിന്റെ വാക്കുകൾ ഇങ്ങനെ 'എന്റെ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുന്നു. അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് കിട്ടുന്ന സമയത്ത് മനസ്സിൽ സൂക്ഷിക്കുക. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് കോൺഗ്രസിനു ലഭിച്ചപ്പോൾ ഞാൻ എഴുതിയത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നാണ്.
വിജയിക്കുമ്പോൾ എപ്പോഴും വിജയത്തിന്റെ കാരണം നമ്മൾ മനസിലാക്കിയിരിക്കണം. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടി സാറിനോടുള്ള ജനങ്ങളുടെ അതിയായ സ്‌നേഹമാണ് ഇവിടെ ചാണ്ടിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ കാരണം നമ്മൾ കണ്ടെത്തണം. എന്നാലെ വിജയിച്ച് മുന്നോട്ടുപോകാൻ കഴിയൂ. ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാന കാരണം ഉമ്മൻചാണ്ടി സാറിന്റെ പൊതുപ്രവർത്തനങ്ങളിലെ നന്മയാണ്.
ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഇടതുപക്ഷ അനുഭാവികൾ ആയിട്ടുള്ളവർ പോലും മനസ്സുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ അവർപോലും തയാറായിട്ടുണ്ടാകാം എന്നതാണ് മറ്റൊരു കാരണം. കമ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ഭരിക്കുകയാണ്. ഈ ഏഴ് വർഷത്തെ ഭരണത്തോടുള്ള വിരുദ്ധ മനോഭാവവും വിജയത്തിന് കാരണമായി.
ഇന്ന് താൻ വിജയിക്കാൻ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താൽ മാത്രമെ അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് വിജയിക്കാൻ കഴിയൂ. എന്നാലേ ആ വിജയത്തിന്റെ മാറ്റ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അതായത് ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. അങ്ങനെ മാറണമെങ്കിൽ അഹങ്കാരങ്ങൾ എല്ലാം മാറ്റിവയ്ക്കണം. പല മനോഭാവങ്ങളും മാറണം. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിക്കാനുള്ള കാരണമെന്ന് ചിന്തിക്കണം. എങ്കിൽ മാത്രമെ നാളെയും നിങ്ങൾക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ.
ഇനി വരാൻ പോകുന്ന രണ്ട് വർഷം ഇടതുപക്ഷത്തിന്റെ ഭരണം ജനങ്ങൾക്ക് കൂടുതൽ മനോഹരമായി തോന്നിയാൽ അതൊരു വലിയ വോട്ട് ആയി ഇടതുപക്ഷത്തിന് അനുകൂലമായി മാറാൻ സാധ്യതയുണ്ട്. അത് തിരിച്ചറിയാനുള്ള ബോധവും ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബോധവും നിങ്ങൾക്കുണ്ടാകണം. എതിരാളിയുടെ പരാജയമാകരുത് നമ്മുടെ നേട്ടവും അംഗീകാരങ്ങളും.
ചെസ് കളിക്കുമ്പോൾ നമ്മുടെ നീക്കം കൊണ്ടാകണം എതിരാളിയെ പരാജയപ്പെടുത്തേണ്ടത്. അല്ലാതെ അവരുടെ മണ്ടത്തരം കൊണ്ടാകരുത്. ഇത് എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നതുപോലെ എങ്ങനെ എത്തുമെന്നതിനുള്ള ഉത്തരങ്ങളും കണ്ടെത്തണം. ഈ വിജയത്തിൽ അഹങ്കരിക്കാൻ പോകാതെ കൂടുതൽ മികച്ച പ്രവർത്തനങ്ങളിലൂടെ ഈ വിജയം നിലനിർത്താൻ പരിശ്രമിക്കുക. എന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇത് പറയാനുള്ള യോഗ്യത എന്നത് ഞാനും ജനങ്ങളുടെ വോട്ട് നേടി വിജയിച്ചുവന് ഒരാളായതുകൊണ്ടാണ്. നമ്മുടെ നാട് നന്നാകണമെങ്കിൽ ക്രിയാത്മകമായ പ്രതിപക്ഷവും മികച്ചൊരു ഭരണപക്ഷവും ഉണ്ടാവണം.''-അഖിൽ മാരാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us