'ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്. അവര്‍ അന്വേഷിക്കുന്ന വോട്ട് ഇപ്പോള്‍ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം', ജാതി സെൻസസ്; കോൺഗ്രസിനെ പരിഹസിച്ച് അഖിലേഷ് യാദവ്

കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥിന്റെ 'അഖിലേഷ് വഖിലേഷ്' പരാമര്‍ശത്തോടും എസ്പി അധ്യക്ഷന്‍ പ്രതികരിച്ചു.

New Update
AKHILESH YADAV CASTE SENSUS


ജാതി സെന്‍സസ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) തലവന്‍ അഖിലേഷ് യാദവ്. തങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന പാര്‍ട്ടിയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെയാണ് അഖിലേഷ് പരിഹസിച്ചത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ യാദവ്, ജാതി സെന്‍സസ് നീക്കം ഒരു 'അത്ഭുതം' ആണെന്ന് പറഞ്ഞു.

Advertisment

'ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജാതി സെന്‍സസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്.  അവര്‍ അന്വേഷിക്കുന്ന  വോട്ട് ഇപ്പോള്‍ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം,' യാദവ് പറഞ്ഞു. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ജാതി സെന്‍സസിന്റെ കണക്കുകള്‍ പുറത്തു വിടാത്തതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ നടത്തിയ ജാതി സെന്‍സസിനെയാണ് അഖിലേഷ് ഇതിലൂടെ സൂചിപ്പിച്ചത്, ഇതുവരെയും ആ റിപ്പോര്‍ട്ടുകള്‍ അവര്‍ പരസ്യപ്പെടുത്തിയിട്ടില്ല.

കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥിന്റെ 'അഖിലേഷ് വഖിലേഷ്' പരാമര്‍ശത്തോടും എസ്പി അധ്യക്ഷന്‍ പ്രതികരിച്ചു. 'കമല്‍ നാഥ് പറഞ്ഞത് ശരിയാണ്, ആരാണ് വഖിലേഷ്? എന്നാല്‍ അഖിലേഷ് ഉണ്ട്, അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് എനിക്ക് ഉത്തരം നല്‍കാം, പക്ഷേ ഞാന്‍ ചെയ്യില്ല' യാദവ് പറഞ്ഞു. കമല്‍നാഥുമായി സമാജ്‌വാദി പാര്‍ട്ടിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തിന്റെ പേരില്‍ 'കമല്‍' (ബിജെപിയുടെ ചിഹ്നമായ താമരയെ പരാമര്‍ശിക്കുന്നു) ഉണ്ട്. അതിനാല്‍, അദ്ദേഹം വ്യക്തമായി അഖിലേഷ് എന്ന് മാത്രമേ പറയൂ... വഖിലേഷ് എന്ന് പറയില്ല' എസ്പി മേധാവി പരിഹാസത്തോടെ പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഇഷ്ടകുറവിനെയും യാദവ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇന്ത്യാ ടുഡേ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചേരുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രശ്നം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് പറഞ്ഞിരുന്നു. 

2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആദ്യമായി പിന്തുണ നല്‍കിയത് തന്റെ പാര്‍ട്ടിയാണെന്നും, അത് ആ സമയത്ത് കോണ്‍ഗ്രസിനെ ജയിക്കാന്‍ സഹായിച്ചെന്നും എസ്പി മേധാവി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടിയോട് നിര്‍ദ്ദേശിച്ചതിന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് അജയ് റായിയെയും അഖിലേഷ് യാദവ് വിമര്‍ശിച്ചു, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ചിരുന്നു. 

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പി ഇതുവരെ 33 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

akhilesh yadav
Advertisment