/sathyam/media/media_files/K3hQFmSEdQxE4HQ1wDIq.jpg)
ഘർ വാപസി പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മതപരിവർത്തനങ്ങളെ എതിർക്കുന്നതിലും, മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ മടങ്ങി വരവിനുള്ള ക്യാംപയിൻ ആരംഭിച്ചതിലും ആര്യസമാജത്തിന്റെ പങ്കിനെ യോഗി ആദിത്യനാഥ് പ്രശംസിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം.
ബിജെപി സർക്കാരിനെയും ഘർ വാപസി പ്രചാരണത്തെക്കുറിച്ചുള്ള ആദിത്യനാഥിന്റെ അഭിപ്രായങ്ങളെയും അഖിലേഷ് കടുത്ത ഭാഷയിൽ വിമർശിച്ചു. “ചൈനീസ് അതിർത്തി” എപ്പോഴാണ് നാട്ടിലേക്ക് മടങ്ങുകയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് അദ്ദേഹം ചോദിച്ചു.
ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ചൂണ്ടിക്കാട്ടിയ അഖിലേഷ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കഴിഞ്ഞ ദശാബ്ദക്കാലത്തെ നേട്ടങ്ങളെ ചോദ്യം ചെയ്‌തു. ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും യാദവ് ആരോപിച്ചു.
ദലിതർക്കെതിരായ പീഡനം പോലുള്ള മറ്റ് വിഷയങ്ങളിൽ യോഗി ആദിത്യനാഥ് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് എംഎൽഎ ആരാധന മിശ്രയും ചോദിച്ചു.
“അദ്ദേഹം മതപരിവർത്തനത്തെക്കുറിച്ചും ഘർ വാപസിയെ കുറിച്ചും സംസാരിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ദളിത് പീഡന വിഷയങ്ങളിൽ സംസാരിക്കാത്തത്? ബിജെപി സനാതന ധർമ്മത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ അവർക്ക് മതത്തെക്കുറിച്ച് അറിയില്ല” അവർ കൂട്ടിച്ചേർത്തു.
നേരത്തെ ആര്യസമാജത്തിന്റെ സുവർണജൂബിലി മഹോത്സവം പരിപാടിയെ അഭിസംബോധന ചെയ്‌ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആര്യസമാജത്തിലെ അംഗങ്ങളോട് ഘർ വാപസി ക്യാംപയിൻ തുടരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കൂടുതൽ ആളുകളെ വേദ വിദ്യാഭ്യാസവുമായി വീണ്ടും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
"ആര്യസമാജമാണ് രാജ്യത്ത് വൈദിക പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആര്യസമാജം ഇന്ത്യയിൽ ഊർജ്ജസ്വലമായ ഒരു പ്രസ്ഥാനമാണ്, ഒരുകാലത്ത് ബസ്‌തി മുതൽ കറാച്ചി വരെ പ്രബലമായിരുന്നു." യോഗി ആദിത്യനാഥ് പറഞ്ഞു.
"വൈദിക മതത്തിന്റെ പുനഃസ്ഥാപനത്തിനായി ആരംഭിച്ച വിപുലമായ കാമ്പയിൻ പുതിയ ഇന്ത്യക്ക് ശക്തമായ അടിത്തറയിട്ടു. ആ ക്യാംപയിനെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മൾക്ക് കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us