'പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം കൈപ്പറ്റുന്നു'. മഹുവ മൊയ്ത്രക്കെതിരെ സിബിഐക്ക് പരാതി, അന്വേഷണം സ്വാഗതം ചെയ്ത് മഹുവ; അദാനിക്കെതിരേയും വേണമെന്ന് പരിഹാസം

മഹുവ മൊയ്‌ത്രയുടെ ചോദ്യങ്ങൾ പലപ്പോഴും ഹിരാനന്ദാനി ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു എന്നും കത്തിൽ പറയുന്നു.

New Update
mahua moitra

ഡല്‍ഹി; പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം കൈപ്പറ്റുന്നുണ്ടെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയെ സ്വാഗതം ചെയ്യുന്നു. അദാനിയുടെ ഓഹരി കുംഭകോണത്തെക്കുറിച്ചും ബിനാമി അക്കൗണ്ടുകളെക്കുറിച്ചുമുളള അന്വേഷണങ്ങൾക്ക് ശേഷം തന്നെക്കുറിച്ച് അന്വേഷിക്കാമെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു.

Advertisment

പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ മൊയ്ത്ര പണം കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് പിന്നാലെ, താൻ ഏത് അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായി മഹുവ മൊയ്ത്ര പ്രതികരിച്ചു. ആരോപണങ്ങൾ നിഷേധിച്ച് ഹിരൺ അന്ദാനി ഗ്രൂപ്പും രം​ഗത്തെത്തി. ദുബൈയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് ഹിരൺ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസിൽ താൽപര്യമില്ലെന്നും ഹിരൺ അന്ദാനി ഗ്രൂപ്പ് പറയുന്നു. മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു. മഹുവ മൊയ്‌ത്ര സമീപകാലത്ത് ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

മഹുവ മൊയ്‌ത്രയുടെ ചോദ്യങ്ങൾ പലപ്പോഴും ഹിരാനന്ദാനി ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു എന്നും കത്തിൽ പറയുന്നു. പണം വാങ്ങിയതിന് മഹുവ മൊയ്‌ത്രയെ ഉടൻ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കത്തിൽ പറയുന്നു. ഇതിനെ തുടർന്നാണ് അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് എംപിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബൈക്ക് ആനന്ദാണ് വിവരങ്ങൾ കൈമാറിയത്.

ബിജെപിക്കെതിരെ നിരന്തരം പാർലമെൻ്റിൽ വിമർശനമുന്നയിക്കുന്ന എംപിയാണ് ബംഗാളിൽ നിന്നുള്ള മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയും പാർലമെന്റിലെ ശക്തമായ ശബ്ദമാണ് മഹുവ മൊയ്ത്ര എംപിയുടേത്.

latest news mahua moitra
Advertisment