New Update
/sathyam/media/media_files/dCPgtBi2fyOoFYXHjDao.jpg)
ആലപ്പുഴ: തന്റെ മണ്ണാറശാല ക്ഷേത്ര സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി എഎം ആരിഫ് എംപി. 'ജനപ്രതിനിധിക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വരും. താന്‍ വളര്‍ന്നുവന്ന സാഹചര്യവും വിശ്വാസവും പഠിപ്പിച്ചിട്ടുള്ളത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണ്. ആയില്യ ദിവസങ്ങളില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ മണ്ണാറശാല ക്ഷേത്രം സന്ദര്‍ശിച്ച്, ആചാര മര്യാദയനുസരിച്ച് കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും അതിന്റെയെല്ലാം ചിത്രങ്ങള്‍ എടുത്ത് മുസ്ലീം ഗ്രൂപ്പുകളിലിട്ട് വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും ആരിഫ് ആവശ്യപ്പെട്ടു.
ഒരിടത്ത് പോയാല്‍ സംഘിയും, മറ്റേടത്തു പോയാല്‍ സുഡാപ്പിയും ആക്രമിക്കുന്നത് പലപ്പോഴായി നടന്നു കൊണ്ടിരിക്കുകയാണ്. മതവിദ്വേഷം ഇളക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരുടെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയുമെന്നും ആരിഫ് വ്യക്തമാക്കി. വിശ്വാസവുമായി ബന്ധപ്പെട്ട ഏതു ചടങ്ങില്‍ പോയാലും ബൈബിളിലെയും, രാമായണത്തിലെയും, ഖുര്‍ആനിലെയും മഹത്തായ സൂക്തങ്ങള്‍ ഉച്ചരിച്ചും അവയെ ബഹുമാനിച്ചുമാണ് സംസാരിക്കാറുള്ളത്. 'അവയൊന്നും പൂര്‍ണ്ണമായി പഠിച്ചിട്ടില്ലെങ്കിലും കഴിവിന്റെ പരമാവധി പഠിക്കാനും വായിക്കാനും സമയം കിട്ടുമ്പോഴെല്ലാം ശ്രമിക്കാറുണ്ടെന്നും ആരിഫ് എംപി പറഞ്ഞു.
എഎം ആരിഫിന്റെ കുറിപ്പ്:
മത വിദ്വേഷം പരത്തുന്നവരെ ഒറ്റപ്പെടുത്തുക...ഒരു ജനപ്രതിനിധിക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വരും. ഞാന്‍ വളര്‍ന്നുവന്ന സാഹചര്യവും എന്റെ വിശ്വാസവും എന്നെ പഠിപ്പിച്ചിട്ടുള്ളത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ഏതു ചടങ്ങില്‍ പോയാലും ബൈബിളിലെയും, രാമായണത്തിലെയും, ഖുര്‍ആനിലെയും മഹത്തായ സൂക്തങ്ങള്‍ ഉച്ചരിച്ചും അവയെ ബഹുമാനിച്ചുമാണ് ഞാന്‍ സംസാരിക്കാറുള്ളത്. അവയൊന്നും പൂര്‍ണ്ണമായി പഠിച്ചിട്ടില്ലെങ്കിലും കഴിവിന്റെ പരമാവധി പഠിക്കാനും വായിക്കാനും സമയം കിട്ടുമ്പോഴെല്ലാം ശ്രമിക്കാറുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു മതാരാധനയുമായി ബന്ധപ്പെട്ട് അവിടെ പോയാല്‍ ചിലര്‍ അതിനെ വര്‍ഗ്ഗീയ വിഷം കലര്‍ത്തി വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാന്‍ കുറച്ചു കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ മണ്ണാറശാല ക്ഷേത്രം ഹൈന്ദവ മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ആയില്യ ദിവസങ്ങളില്‍ ഞാന്‍ എല്ലാ വര്‍ഷവും മുടങ്ങാതെ അവിടെ സന്ദര്‍ശിക്കുകയും അവരുടെ ആചാര മര്യാദയനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യാറുമുണ്ട്. അവിടുത്തെ അമ്മയെയും മറ്റും കാണുമ്പോള്‍ തൊഴുതുന്നത് എന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ എടുത്ത് ചില മുസ്ലിം ഗ്രൂപ്പുകളിലിട്ട് വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം.
ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും, പുണ്യ സ്ഥലമായ മക്കയിലും മദീനയിലും, ലണ്ടനിലെ പ്രശസ്തമായ സെന്റ് പോള്‍സ് കത്തീഡ്രല്‍ ചര്‍ച്ചിലും, ഹരിദ്വാറിലും, ഋഷികേഷിലും, ശബരിമലയിലും, എന്റെ മണ്ഡലത്തില്‍ തന്നെയുള്ള അമൃതാനന്ദമയി മഠത്തിലും ഞാന്‍ പോകാറുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ എന്റെ പേര് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സമയത്ത് ഞാന്‍ അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തായിരുന്നു. ഞാന്‍ ജനിച്ചത് തന്നെ ഗുരുദേവ ജയന്തി ദിനത്തിലാണ്. ഒരിടത്ത് പോയാല്‍ സംഘിയും, മറ്റേടത്തു പോയാല്‍ സുഡാപ്പിയും ആക്രമിക്കുന്നത് പലപ്പോഴായി നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ മതവിദ്വേഷം ഇളക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരുടെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയും.